ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയൊരു താരത്തെ എട്ടാമനായി ബാറ്റിംഗിനിട്ടതിനെതിരെയും ശിവം ദുബെയെയും അക്സര്‍ പട്ടേലിനെയും ഇറങ്ങിയിട്ടും സഞ്ജുവിനെ ബാറ്റിംഗിന് അയക്കാതിരുന്നതിനെതിരെയും വിമര്‍ശനം ഉയരുമ്പോഴാണ് സഞ്ജുവിന്‍റെ പ്രതികരണം.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ ബാറ്റിംഗിന് ഇറക്കാതിരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അഞ്ചാം നമ്പറിലെ ബെസ്റ്റ് ബാറ്ററാണ് സഞ്ജുവെന്ന് സഹപരിശീലകന്‍ റിയന്‍ ടെന്‍ ഡോഷെറ്റെ ഒരു ദിവസം മുമ്പ് പറഞ്ഞിട്ടും ബംഗ്ലാദേശിനെതിരെ എട്ടാമനായാണ് സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയൊരു താരത്തെ എട്ടാമനായി ബാറ്റിംഗിനിട്ടതിനെതിരെയും ശിവം ദുബെയെയും അക്സര്‍ പട്ടേലിനെയും ഇറങ്ങിയിട്ടും സഞ്ജുവിനെ ബാറ്റിംഗിന് അയക്കാതിരുന്നതിനെതിരെയും വിമര്‍ശനം ഉയരുമ്പോള്‍ മത്സരത്തിനിടെ സഞ്ജു സോണി സ്പോര്‍ട്സില്‍ സഞ്ജയ് മഞ്ജരേക്കറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മോഹൻലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച പശ്ചാത്തലം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. എളുപ്പമുള്ള ചോദ്യങ്ങളെല്ലാം മാറ്റിവെച്ച് ഒരു അവസാന ചോദ്യം ചോദിക്കുകയാണെങ്കില്‍, താങ്കള്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ടല്ലോ എന്ന് മഞ്ജരേക്കര്‍ ചോദിച്ചപ്പോള്‍ അതെ, ഇതൊരു ചോദ്യമാണെന്ന് കരുതട്ടെ എന്നായിരുന്നു സഞ്ജുവിന്‍റെ മറുചോദ്യം. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് മഞ്ജരേക്കര്‍ തുടര്‍ന്ന് ചോദിച്ചപ്പോള്‍ സഞ്ജു നല്‍കി മറുപടി ശ്രദ്ധേയമായിരുന്നു.

അടുത്തിടെ ഞങ്ങളുടെ ലാലേട്ടന്, കേരളത്തില്‍ നിന്നുള്ള സിനിമാ താരമായ മോഹന്‍ലാലിന് ഇന്ത്യൻ സിനിമിയിലെ ഏറ്റവും പരമോന്നത ബഹുമതി ലഭിച്ചിരുന്നു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം അഭിനയിക്കുന്നു. ഞാനും രാജ്യത്തിനായി 10 വര്‍ഷമായി കളിക്കുന്നു. ഇക്കാലത്തനിടയില്‍ എനിക്ക് ഹീറോ റോൾ മാത്രമെ ചെയ്യാന്‍ കഴിയൂ എന്ന് പറയാനാവില്ല. ചിലപ്പോള്‍ ഞാന്‍ വില്ലനാവേണ്ടിവരും, ചിലപ്പോൾ ജോക്കറും. ടീമില്‍ തുടരുക എന്നതാണ് പ്രധാനം. അല്ലാതെ ഓപ്പണറായി ഇറങ്ങി ഞാന്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്, ടോപ് ത്രീയില്‍ ഞാന്‍ മികച്ചവനാണ് എന്നൊന്നും പറയാനാവില്ല. പുതിയ റോളും ഒന്ന് പരീക്ഷിക്കട്ടെ, ചിലപ്പോള്‍ എനിക്ക് മികച്ച വില്ലനാവാന്‍ കഴിഞ്ഞാലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സഞ്ജുവിന്‍റെ മറുപടി. നല്ല മറുപടി മോഹന്‍ലാല്‍, അല്ല, സഞ്ജു സാംസണ്‍ എന്ന് മഞ്ജരേക്കര്‍ മറുപടി പറഞ്ഞപ്പോള്‍, സഞ്ജു മോഹൻലാല്‍ സാംസണ്‍ എന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജുവിന്‍റെ മറുപടി.

Scroll to load tweet…

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് കോച്ചും ക്യാപ്റ്റനും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്ര പരിചിതമല്ലാത്ത പൊസിഷനാണെങ്കിലും എനിക്ക് മികവ് കാട്ടാനാകുമെന്ന് അവര്‍ക്ക വിശ്വാസമുണ്ട്. ക്രീസിലെത്തി കുറച്ചു പന്തുകള്‍ കളിച്ച് സെറ്റിലായശേഷം തകര്‍ത്തടിക്കാനാണ് ഞാന്‍ നോക്കുന്നത്. ചിലപ്പോള്‍ അത് നടക്കും, ചിലപ്പോള്‍ അത് നടക്കില്ല, അതും നമ്മള്‍ അംഗീകരിക്കണമെന്നും സഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക