സഞ്ജു സിഎസ്‌കെയെ നയിക്കുന്നത് ഞാൻ കാണുന്നുണ്ട്. അത് എപ്പോഴാണെന്ന് അറിയില്ല, പക്ഷേ ഉറപ്പായും സംഭവിക്കും
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒരു നാള്‍ സഞ്ജു സാംസണ്‍ നയിക്കുമെന്ന് പ്രവചിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ഈ സീസണിലാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നെയിലെത്തിയത്. സഞ്ജുവിനെയാണ് താന്‍ ചെന്നൈയുടെ ഭാവി നായകനായി കാണുന്നതെന്നും അശ്വിൻ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ചെന്നൈ ടീമില്‍ ആരുടെയും പിൻഗാമിയാകാനോ മറ്റൊരാളുടെ നിഴലാകാനോ സഞ്ജു ശ്രമിക്കരുത്. പകരം സ്വന്തമായ ഒരു ശൈലി നായകസ്ഥാനത്ത് കൊണ്ടുവരണമെന്നും അശ്വിൻ ഉപദേശിച്ചു.
ഭാവിയില്‍ സഞ്ജു സിഎസ്‌കെയെ നയിക്കുന്നത് ഞാൻ കാണുന്നുണ്ട്. അത് എപ്പോഴാണെന്ന് അറിയില്ല, പക്ഷേ ഉറപ്പായും സംഭവിക്കും. നായകനായാൽ അവൻ മറ്റൊരാളുടെ പാത പിന്തുടരേണ്ടതില്ല, ക്യാപ്റ്റനായി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്നും അശ്വിൻ പറഞ്ഞു. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന് കീഴിൽ കളിച്ച അനുഭവപരിചയവുമായാണ് അശ്വിൻ സഞ്ജുവിന്‍റെ നേതൃപാടവത്തെ പ്രശംസിച്ചത്. നായകനെന്ന നിലയില്‍ സഞ്ജുവിന്‍റെ ചില പ്രധാന ഗുണങ്ങൾ അശ്വിന്‍ എടുത്തുപറഞ്ഞു.
മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ കേൾക്കാനും അത് നടപ്പിലാക്കാനും സഞ്ജുവിന് മടിയില്ല. കളിക്കാരുമായി വ്യക്തിബന്ധം സ്ഥാപിക്കാനും അവരുമായി കൃത്യമായി ആശയവിനിമയം നടത്താനും സഞ്ജുവിന് പ്രത്യേക കഴിവുണ്ടെന്നും അശ്വിൻ പറഞ്ഞു. ഈ സീസണിൽ സിഎസ്‌കെയിൽ എത്തിയ ശേഷം ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് തകർപ്പൻ ഫോമിലാണ് സഞ്ജു. മുൻപ് പലപ്പോഴും ടീമിന് വേണ്ടി കളിച്ച് അമിതാവേശം കാണിച്ച് വിക്കറ്റ് തുലച്ചിരുന്ന സഞ്ജു, ഇപ്പോൾ കൃത്യമായി കണക്കുകൂട്ടി കളിക്കാൻ പഠിച്ചുവെന്ന് അശ്വിൻ പറഞ്ഞു. മുൻപ് പലപ്പോഴും ടീമിനെക്കുറിച്ച് മാത്രമായിരുന്നു അവന്‍റെ ചിന്ത, എന്നാൽ ഇപ്പോൾ തനിക്ക് തന്നെ കളി ജയിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അവനിൽ ഞാന്‍ കാണുന്നുണ്ട്. സാഹചര്യങ്ങൾ മനസിലാക്കി കളിക്കുന്നതിൽ സഞ്ജു ഏറെ മെച്ചപ്പെട്ടുവെന്നും അശ്വിന്‍ പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെ 2021 മുതൽ 2025 വരെ 67 മത്സരങ്ങളിൽ സഞ്ജു നയിച്ചിട്ടുണ്ട്. ഇതിൽ 33 മത്സരങ്ങളില്‍ ജയിച്ചപ്പോൾ 32 മത്സരങ്ങള്‍ തോറ്റു. നായകനെന്ന നിലയില്‍ ഒരു തവണ ടീമിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിനായി. ധോണിയുടെ പിൻഗാമിയായി റുതുരാജ് ഗെയ്‌ക്‌വാദ് ആണ് നിലവില്‍ ചെന്നൈ ടീമിനെ നയിക്കുന്നത്. എന്നാല്‍ നിലവില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന റുതുരാജിന്‍റെ ക്യാപ്റ്റൻസിയെക്കുറിച്ചും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, സഞ്ജു നായകസ്ഥാനത്തേക്ക് എത്തുമോ എന്നത് ആരാധകർക്കിടയിൽ വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് അശ്വിന്‍റെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.
