ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 23 റണ്‍സെടുത്താണ് ജോര്‍ജ് മടങ്ങിയത്.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയു നാലു റണ്‍സുമായി അഭിഗ്യാന്‍ കുണ്ടുവും ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും വേദാന്ത് ത്രിവേദിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

30 പന്തില്‍ വൈഭവ് 52 റണ്‍സടിച്ചാണ് പുറത്തായത്. നാലു ഫോറും നാലു സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 23 റണ്‍സെടുത്താണ് ജോര്‍ജ് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ്-ആരോണ്‍ ജോര്‍ജ് സഖ്യം നാലോവറില്‍ 44 റണ്‍സടിച്ചു. ക്യാപ്റ്റൻ ആയുഷ് മാത്രെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 11-ാം ഓവറില്‍ സ്കോര്‍ 100 കടന്നതിന് പിന്നാലെ വീണു. 19 പന്തില്‍ 21 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന.

24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവിന് പിന്നീട് നേരിട്ട ആറ് പന്തില്‍ രണ്ട് റണ്‍സ് കൂടി ചേര്‍ത്ത് ആയുഷ് മാത്രെ പുറത്തായ തതേന്ദ ചിമുഗോറോയുടെ അതേ ഓവറില്‍ പുറത്തായി.ഒരോവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ വിഹാൻ മല്‍ഹോത്രയും വേദന്ത് ത്രിവേദിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും 18 പന്തില്‍ 15 റണ്‍സെടുത്ത് വേദാന്ത് ത്രിവേദി മടങ്ങി. മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക