സിക്‌സുകളായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ കൂടൂതല്‍. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ഹരാരെ: സിംബാബ്‌വെക്കെതിരെ അവസാന ടി20യില്‍ സഞ്ജു സാംസണിന്റെ (45 പന്തില്‍ 58) ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെയുടെ (26) ഇന്നിംഗ്‌സ് കൂടിയാണ് ഇന്ത്യയെ 150 കടത്താന്‍ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മുകേഷ് കുമാര്‍ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

സിക്‌സുകളായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ കൂടൂതല്‍. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതില്‍ 110 ദൂരം പാഞ്ഞ കൂറ്റന്‍ സിക്‌സറും ഉള്‍പ്പെടും. സിംബാബ്‌വെ സ്പിന്നര്‍ ബ്രന്‍ഡന്‍ മവുതക്കെതിരെയാണ് സഞ്ജുവിന്റെ കൂറ്റന്‍ സിക്‌സര്‍. ഡ്രസിംഗ് റൂമിന്റെ മേല്‍ക്കൂരയിലാണ് പന്ത് വന്ന് വീണത്. സിക്‌സ് വന്നതാവട്ടെ സഞ്ജു ബാറ്റ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുമ്പോഴായിരുന്നു. സിക്‌സുകളുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടു. 

'നായകനായിരിക്കുമ്പോള്‍ താരങ്ങളെ കുറിച്ചും ചിന്തിക്കണം'; രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നതിനെ കുറിച്ച് സഞ്ജു

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് സഞ്ജു. ഐപിഎല്ലും ആഭ്യന്തര സീസണും ഉള്‍പ്പെടെയാണിത്. 301 സിക്‌സുകളാണ് മലയാളി താരം നേടിയത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 525 സിക്‌സുകള്‍ രോഹിത്തിന്റെ ഇന്നിംഗ്‌സിലുണ്ട്. വിരാട് കോലി (416), എം എസ് ധോണി (338), സുരേഷ് റെയ്‌ന (325), സൂര്യകുമാര്‍ യാദവ് (322), കെ എല്‍ രാഹുല്‍ (311) എന്നിവരാണ് സഞ്ജുവിന് മുന്നില്‍. ഇതിനിടെ സഞ്ജു നേടിയ കൂറ്റന്‍ സിക്‌സറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പടുകൂറ്റന്‍ സിക്‌സിന്റെ വീഡിയോ കാണാം...

Scroll to load tweet…

ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 40 റണ്‍സിന് മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച റിയാന്‍ പരാഗ് (24 പന്തില്‍ 22) - സഞ്ജു സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു.