സിംബാബ്‌വെ പര്യടനത്തിന് ശേഷം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും സഞ്ജു ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഹരാരെ: ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‌വെ പര്യടനത്തിലാണിപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കായിട്ടാണ് സഞ്ജു ഹരാരെയിലെത്തിയത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. മൂന്നാം ടി20യില്‍ ഏഴ് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 12 റണ്‍സുമായി പുറത്താവാവതെ നിന്നിരുന്നു. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. എന്നാല്‍ ഒരു മത്സരത്തിലും താരം കളിച്ചിരുന്നില്ല. എങ്കിലും അവസരം ലഭിക്കാതെ പോയ താരങ്ങള്‍ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ലോകകപ്പ് ഓര്‍മകളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. മലയാളി താരത്തിന്റെ വാക്കുകള്‍... ''ടി20 ലോകകപ്പ് ഓര്‍മകളിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്. ഫോട്ടോകളെല്ലാം ഇപ്പോഴും എനിക്ക് ചുറ്റുംതന്നെയുണ്ട്. വാക്കുകളാല്‍ വിവരിക്കാനാവാത്ത അനുഭവമായിരുന്നത്. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. സംഭാവന നല്‍കിയ എല്ലാവരോടും കടപ്പെട്ടിരിക്കും. ടീം ഒന്നടങ്കം കിരീടത്തിനായി പ്രയത്‌നിച്ചു.'' സഞ്ജു പറഞ്ഞു.
സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20യെ കുറിച്ചും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സംസാരിച്ചു. ''അവസാന മത്സരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കാം. ബാറ്റിംഗ് ഓര്‍ഡറില്‍ ചില മാറ്റങ്ങള്‍ കാണാം. അവസാന ടി20യില്‍ ക്രീസില്‍ കുറച്ച് സമയം ചെലവഴിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' സഞ്ജു വ്യക്തമാക്തി.
ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നതിനെ കുറിച്ച് സഞ്ജു പറഞ്ഞതിങ്ങനെ... ''കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നു. ഇതിഹാസങ്ങള്‍ രാജസ്ഥാന്റ ചരിത്രത്തിലുണ്ട്. ഇതിഹാസങ്ങള്‍ക്കൊപ്പം യുവതാരങ്ങളേയും വേണ്ടത് പോലെ പരിഗണിക്കണം. ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍, നിങ്ങള്‍ മറ്റ് താരങ്ങളെ കുറിച്ചും ടീമുകളെക്കുറിച്ചും ചിന്തിക്കണം.'' സഞ്ജു പറഞ്ഞുനിര്‍ത്തി.
സിംബാബ്‌വെയിലുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. സിംബാബ്‌വെ പര്യടനത്തിന് ശേഷം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും സഞ്ജു ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

