തിരുവനന്തപുരം: ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മാച്ച് ഫീയായി ലഭിച്ച ഒന്നര ലക്ഷം രൂപ മത്സരത്തിനായി ഗ്രൗണ്ട് സജ്ജമാക്കിയ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് സമ്മാനിച്ച്  മലയാളി താരം സഞ്ജു സാംസണ്‍.

തുടര്‍ച്ചയായ മഴയില്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാക്കിയ ഗ്രൗണ്ട് ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിനുള്ള പ്രതിഫലമായാണ് സഞ്ജു മാച്ച് ഫീ സമ്മാനമായി നല്‍കിയത്. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരം നടത്താന്‍ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട്സ്മാന്‍മാരുടെ അക്ഷീണ പ്രയത്നം മൂലം ഗ്രൗണ്ട് മത്സര സജ്ജമാക്കിയത്. ഇതിന് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കിയേ മതിയാവു എന്ന് സഞ്ജു പറഞ്ഞു.

ഗ്രൗണ്ടില്‍ കുറച്ചെങ്കിലും നനവുണ്ടെങ്കില്‍ മത്സരം നടത്താന്‍ അനുമതി ലഭിക്കില്ലായിരുന്നു. അതുകൊണ്ട് ശരിക്കും നന്ദി പറയേണ്ടത് ഗ്രൗണ്ട് ജീവനക്കാരോടാണ്. അതിനാലാണ് മാച്ച് ഫീ അവര്‍ക്ക് സമ്മാനമായി നല്‍കിയതെന്നും സഞ്ജു പറഞ്ഞു. ഗ്രൗണ്ട്സ്മാന്‍മാരുടെ അര്‍പ്പണ മനോഭാവത്തെ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനും അഭിനന്ദിച്ചിരുന്നു. മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെ ഗൗതം ഗംഭീറം ഹര്‍ഭജന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ചിരുന്നു.