തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി മലയാളികള്‍. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ബിസിസഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് താഴെ ഒരു മണിക്കൂര്‍ കൊണ്ട് എട്ടായിരത്തോളം കമന്റുകളാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും സഞ്ജുവിനെ തഴഞ്ഞതിലുള്ള പ്രതിഷേധ കമന്റുകളാണ്.

സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ഒരു മത്സരംപോലും കളിക്കാത്ത കളിക്കാരനെ അടുത്ത പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്നാണ് ആരാധകരുടെ പക്ഷം. 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കേണ്ട സെലക്ഷന്‍ കമ്മിറ്റി കേദാര്‍ ജാദവിന് വീണ്ടും അവസരം നല്‍കിയതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.