സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ തുടങ്ങാനാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശ്രമിക്കുന്നത്.

ദില്ലി: ഐഎസഎല്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല. ടൂർണമെന്‍റ് അനിശ്ചിതമായി വൈകും. പ്രശ്ന പരിഹാരത്തിനായി ഐഎസ്എലിന് മുമ്പ് സൂപ്പർ കപ്പ് നടത്താൻ ഇന്നലത്തെ യോഗത്തിൽ തീരുമാനമായി.ഇന്നലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ലീഗിലെ 13 ടീം ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് മത്സരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനമാകാതെ പിരിഞ്ഞത്. ഇതിനിടെയാണ് ഐഎസ്എല്ലിന് മുമ്പ് സൂപ്പര്‍ കപ്പ് നടത്തി തൽക്കാലം പ്രതിസന്ധി പരിഹരിക്കാൻ ധാരണയായത്.

സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ തുടങ്ങാനാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശ്രമിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കുമെന്നു എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെ വ്യക്തമാക്കി.ഈ സീസണ്‍ ഐഎസ്എല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ സാധാരണയില്‍ നിന്നു വ്യത്യസ്തമായി മത്സരങ്ങള്‍ വൈകിയേക്കാമെന്നും കല്യാണ്‍ ചൗബെ പറഞ്ഞു.

ചില മാറ്റങ്ങളോടെയെങ്കിലും പോരാട്ടം നടത്താമെന്നാണ് കരുതുന്നതെന്നും ചൗബെ കൂട്ടിച്ചേര്‍ത്തു. സാധാരണയായി സീസണ്‍ അവസാനത്തിലാണ് സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ നടക്കാറുള്ളത്. നിലവിലെ പ്രതിസന്ധിക്കു അയവു വരുത്താനാണ് സൂപ്പര്‍ കപ്പ് ആദ്യം നടത്താനുള്ള നീക്കം. എന്നാൽ ഐഎസ്എല്‍ നടക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ സൂപ്പർ കപ്പ് നേരത്തെ നടത്തുന്നതുമായി സഹകരിക്കൂ എന്നാണ് ക്ലബുകളുടെ നിലപാട്.

ഫെഡറേഷന്‍റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഉത്തരവ് വൈകുന്നതും പ്രശ്നമാണ്. കേസിൽ ഇടക്കാല ഉത്തരവിന് ശ്രമിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ലീഗ് നടത്തിപ്പുകാരായ എഫ് എസ് ഡിഎല്ലുമായുള്ള സംപ്രേഷണ അവകാശകരാർ കാലാവധി ഡിസംബറിൽ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ഐഎസ്എൽ തിരിച്ചടിയായത്.

കരാർ ഒപ്പുവയ്ക്കാതെ ലീഗ് തുടങ്ങാനാവില്ലെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. അതേസമയം കോടതി ഉത്തരവ് വരുന്നത് വരെ ഫെഡറേഷന് സ്വയം തീരുമാനം എടുക്കാനാവില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. സൂപ്പർ കപ്പ് ഇപ്പോൾ തുടങ്ങിയാൽ‌ ഡിസംബറിൽ കരാർ പുതുക്കേണ്ട സമയത്ത് പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് ഫെഡറേഷന്‍ അധികൃതര്‍.

അതേസമയം, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി നടത്തിയ ചർച്ച പോസിറ്റീവെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ക്ലബുകൾക്ക് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാനായി. ഈ സാഹചര്യത്തിൽ പരസ്പരം കുറ്റപ്പെടുത്താതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അഭിക് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക