ആശങ്കകള്‍ ഏതുമില്ലാതെ ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ മൂന്നാം ട്വന്‍റി 20ക്ക് ഇന്നിറങ്ങുകയാണ്

പല്ലെകെലെ: ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ പല്ലെകെലെയില്‍ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിനും സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിനും ഇന്ന് അവസരമൊരുങ്ങിയേക്കും.

ആശങ്കകള്‍ ഏതുമില്ലാതെ ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ മൂന്നാം ട്വന്‍റി 20ക്ക് ഇന്നിറങ്ങുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ത്യ 43 റണ്‍സിനും രണ്ടാമത്തേത് മഴ നിയമം പ്രകാരം 7 വിക്കറ്റിനും വിജയിച്ചിരുന്നു. രണ്ടാം ട്വന്‍റി 20യില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയെങ്കിലും മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയേക്കും എന്നാണ് സൂചന. പരിക്കേറ്റ ശുഭ്‌മാന്‍ ഗില്ലിന് പകരം ഓപ്പണറുടെ റോളിലായിരുന്നു രണ്ടാം ട്വന്‍റി 20യില്‍ സഞ്ജുവിനെ ഇറക്കിയത്. എന്നാല്‍ മഹീഷ് തീക്ഷണയുടെ ആദ്യ പന്തില്‍ തന്നെ സഞ്ജു ബൗള്‍ഡാവുകയായിരുന്നു. 

മൂന്നാം ടി20യില്‍ ശുഭ‌്‌മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യുകയും സഞ്ജു മധ്യനിരയിലേക്ക് മാറുകയും ചെയ്യും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ‌്ണോയി, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇലവനിലെത്താന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍. 

ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ടീം ഇന്ത്യക്ക് ശ്രീലങ്കയില്‍ കളിക്കാനുണ്ട്. കൊളംബോയില്‍ ഓഗസ്റ്റ് 2, 4, 7 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. 

Read more: ആറ് വര്‍ഷം മുമ്പ് ഭാഗികമായി ശരീരം തളര്‍ന്നു; വീല്‍ചെയറില്‍ നിന്ന് ഒളിംപിക്‌സിലേക്കെത്തിയ സുഖ്‌ജീത്ത് സിംഗ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം