മത്സരത്തിന്റെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി.

മുംബൈ: ത്രസിപ്പിക്കുന്ന ജയമാണ് കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ട്രന്റ് ബൗള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമായി. മൂന്ന് റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 166 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ലഖ്‌നൗവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും രാജസ്ഥാനായി. മത്സരശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്തോഷം പങ്കുവച്ചു. മലയാളി താരത്തിന്റെ വാക്കുകള്‍... ''പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്താന്‍ സാധിച്ചതില്‍ സന്തോഷം. കുല്‍ദീപിന്റെ സെന്‍ നന്നായി പന്തെറിഞ്ഞു. അവന്‍ ആദ്യത്തെ മൂന്ന് ഒാവര്‍ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. അവനില്‍ കണ്ട ആത്മവിശ്വാസമാണ് അവസാന ഓവര്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. കുല്‍ദീപിന്റെ വൈഡ് യോര്‍ക്കറുകള്‍ നേരത്തെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം ഞാന്‍ കണ്ടതാണ്.'' സഞ്ജു പറഞ്ഞു.

ട്രന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവരുടെ പ്രകടനത്തെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ആദ്യ പന്തെറിയുന്നതിന് മുമ്പ് ബോള്‍ എന്നോട് പറഞ്ഞിരുന്നു രാഹുലിനെതിരായ പദ്ധതിയില്‍ ചെറിയ മാറ്റമുണ്ടെന്ന്. പിന്നാലെ ബൗള്‍ട്ട് എറൗണ്ട് ദ് വിക്കറ്റ് പന്തെറിയാനെത്തി. ആദ്യ പന്തില്‍ രാഹുലിന്റെ വിക്കറ്റ് തെറിപ്പിച്ചു. പറയാതെ വയ്യ, അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഹെറ്റ്മയേര്‍ ഞങ്ങള്‍ക്ക് വേണ്ടി മഹത്തായ ജോലിയാണ് ചെയ്യുന്നത്. 

അദ്ദേഹത്തോട് എന്തെങ്കിലും നിര്‍ദേശിക്കേണ്ട ആവശ്യം പോലുമില്ല. അതെല്ലാം മനസിലാക്കാനുള്ള പരിചയസമ്പത്ത് ഹെറ്റ്മയേര്‍ക്കുണ്ട്. പിന്നെ ചാഹല്‍, ഒന്ന് മുതല്‍ 20 വരെയുള്ള ഏത് ഓവറും ചാഹലിന് കൊടുക്കാം. ഇന്ത്യയുടെ ഏറ്റവും മികച്ച ലെഗ് സപിന്നര്‍മാരില്‍ ഒരാളാണ് ചാഹല്‍. എന്തുകൊണ്ട് സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ചാഹലിനെ ഉപയോഗിച്ചൂടെന്ന ചിന്ത എനിക്കുണ്ടായിരുന്നു.'' സഞ്ജു മത്സരശേഷം പറഞ്ഞു.

അശ്വിന്റെ റിട്ടയേര്‍ഡ് ഔട്ടിനെ കുറിച്ചും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വാചാലനായി. ''അശ്വിന്‍ വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തില്‍ പുതുതായി ചെയ്യണമെന്ന പദ്ധതി ടീം ക്യാംപിലുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സായത് മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചത്. സാഹചര്യം വരുമ്പോള്‍ ഉപയോഗിക്കണമെന്ന് നേരത്തെ ചിന്തയുണ്ടായിരുന്നു. തീരുമാനം ടീമിന്റേതായിരുന്നു.'' സഞ്ജു മത്സരശേഷം വിശദീകരിച്ചു.

മത്സരത്തിന്റെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി. അതുവരെ തകര്‍ത്തടിച്ച സ്റ്റോയ്‌നിസിന് രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ സിക്‌സും നേടിയെങ്കിലും മൂന്ന് റണ്‍സിന്റെ ആവേശജയവുമായി രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തി.