കേരള ക്രിക്കറ്റ് ലീഗിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സഞ്ജു സാംസണ്‍. 41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജു ആകെ 368 റണ്‍സുമായി സല്‍മാന്‍ നിസാറിനെ പിന്നിലാക്കി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കൊച്ചിബ്ലൂ ടൈഗേഴ്സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍. ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ 41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ സല്‍മാന്‍ നിസാറിനെയാണ് പിന്നിലാക്കിയത്. ആറ് കളികളില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 368 റണ്‍സുമായാണ് സഞ്ജു റണ്‍വേട്ടക്കാരിലെ രണ്ടാമനായത്. ആറ് കളികളില്‍ 296 റണ്‍സടിച്ച സല്‍മാന്‍ നിസാർ മൂന്നാം സ്ഥാനത്താണ്.

തൃശൂര്‍ ടൈറ്റന്‍സിന്‍റെ അഹമ്മദ് ഇമ്രാന്‍ തന്നെയാണ് റൺവേട്ടക്കാരില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ഏഴ് കളികളില്‍ മൂന്ന് അ‍ർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമുള്ള അഹമ്മദ് ഇമ്രാന് 379 റണ്‍സാണുള്ളത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 16 റണ്‍സെടുത്ത് പുറത്തായ അഹമ്മദ് ഇമ്രാന്‍ നിരാശപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നില്ല. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ താരമെന്ന റെക്കോര്‍ഡും സഞ്ജു ഇന്ന് സ്വന്തമാക്കി. ഇന്ന് ആലപ്പിക്കെതിരെ ഒമ്പത് സിക്സുകള്‍ കൂടി പറത്തിയ സഞ്ജുവിന് ടൂര്‍ണമെന്‍റിലാകെ 30 സിക്സുകളായി.

28 സിക്സുകള്‍ പറത്തിയ സല്‍മാന്‍ നിസാറിനൊണ് സ‍ഞ്ജു ഇന്ന് പിന്നിലാക്കിയത്.ഇന്നലെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 12 പന്തില്‍ സല്‍മാന് നിസാര്‍ 11 സിക്സ് പറത്തി റെക്കോര്‍ഡിട്ടിരുന്നു. 21 സിക്സ് പറത്തിയ വിഷ്ണു വിനോദാണ് മൂന്നാമത്. എട്ട് കളികളില്‍ നിന്ന് 270 റണ്‍സടിച്ച അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ നായകന്‍ കൃഷ്ണ പ്രസാദാണ് റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത്.എട്ട് മത്സരങ്ങളില്‍ 262 റണ്‍സടിച്ച കൊച്ചിയുടെ വിനൂപ് മനോഹരന്‍ അ‍ഞ്ചാം സ്ഥാനത്തുണ്ട്.

View post on Instagram

ഏഴ് മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തി അഖില്‍ സ്കറിയയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. 11 വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ആഷിഖും കെ അജ്നാസും 10 വിക്കറ്റ് വീതമെടുത്ത കെ എം ആസിഫും ശ്രീഹരി എസ് നായരുമാണ് ആദ്യ അഞ്ചിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക