ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന റിങ്കുവിനെ ഏഷ്യാ കപ്പ് ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലക്നൗ:യുപി ടി20 ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടിയ റിങ്കു സിംഗ്. മീററ്റ് മാവെറിക്സിനായി ബാറ്റിംഗിന് ഇറങ്ങിയ റിങ്കു നേരിട്ട ആദ്യ 20 പന്തില്‍ ഏഴ് റൺസ് മാത്രമാണ് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട 28 പന്തില്‍ 71 റണ്‍ടിച്ച റിങ്കു 48 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്.യുപി പ്രീമിയര്‍ ലീഗില്‍ നേരത്തെ ലക്നൗ ഫാല്‍ക്കൺസിനെതിരെ 27 പന്തില്‍ 57 റണ്‍സടിച്ച റിങ്കു കാശി രുദ്രാസിനെതിരെ 48 പന്തില്‍ 108 റണ്‍സുമടിച്ചിരുന്നു.

ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന റിങ്കുവിനെ ഏഷ്യാ കപ്പ് ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്താതിരുന്നപ്പോഴാണ് ഐപിഎല്ലില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന റിങ്കുവിനെ ടീമിലെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലിടം നേടിയശേഷം യുപി പ്രീമിയര്‍ ലീഗില്‍ റിങ്കു നടത്തുന്ന പ്രകടനങ്ങള്‍ ടീമിലെ തന്‍റെ സ്ഥാനം അര്‍ഹിക്കുന്നതാണെന്ന് തെളിയിക്കുന്നതാണ്.

ഏഷ്യാ കപ്പ് ടീമിലിടം കിട്ടില്ലെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റിങ്കു പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഏഷ്യാ കപ്പ് ടീമിലിടം കിട്ടിയത് തന്നെ പ്രചോദിദിപ്പിച്ചുവെന്നും റിങ്കു പറഞ്ഞിരുന്നു. 2018 മുതല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന റിങ്കുവിനെ 2025ലെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി നല്‍കിയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.

Scroll to load tweet…