41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജു സാംസണാണ് കൊച്ചിയുടെ ടോപ് സ്കോറര്‍. സഞ്ജുവിന്‍റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും സഞ്ജു സംസണിന്‍റെ ആറാട്ട്. ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ ആലപ്പി റിപ്പിള്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് സെമി ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ആലപ്പി ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം കൊച്ചി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 10പന്ത് ബാക്കി നിര്‍ത്തിയാണ് മറികടന്നത്. ടൂര്‍ണമെന്‍റില്‍ ആറാം ജയത്തോടെ കൊച്ചി സെമി ഉറപ്പിക്കുകയും ചെയ്തു.

41 പന്തില്‍ 83 റണ്‍സെടുത്ത സഞ്ജു സാംസണാണ് കൊച്ചിയുടെ ടോപ് സ്കോറര്‍. സഞ്ജുവിന്‍റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.ആദ്യ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. കൊച്ചിക്കായി വിനൂപ് മനോഹരന്‍ 23 റണ്‍സെടുത്തപ്പോള്‍ ജെറിൻ പി എസ് 13 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. നിഖില്‍ തോട്ടത്തും കെ അജീഷും 18 റണ്‍സ് വീതമെടുത്തു. സ്കോര്‍ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 176-6, കൊച്ചി ബ്ലൂ ടൈഗേഴ്സ് 18.2 ഓവറില്‍ 178-7.

വിജയലക്ഷ്യത്തിന് 42 റണ്‍സകലെ സഞ്ജു പുറത്തായതിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കി കൊച്ചി പതറിയെങ്കിലും ജെറിന്‍റെയും(13പന്തില്‍ 25*) അഫ്രാദ് നാസറിന്‍റെയും(3*) പോരാട്ടവീര്യം കൊച്ചിക്ക് ജയമൊരുക്കി. ജലജ് സക്സേനയെ സിക്സിന് പറത്തി 32 പന്തില്‍ അര്‍സെഞ്ചുറി തികച്ച സഞ്ജു പിന്നീട് മുഹമ്മദ് ഇനാന്‍റെ ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി അതിവേഗം 80കളിലെത്തി. എന്നാല്‍ സെഞ്ചുറിക്ക് 17 റൺസകലെ ശ്രീരൂപിന്‍റെ പന്തില്‍ സഞ്ജു ശ്രീഹരിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ സാലി സാംസണെയും(1) ജോബിന്‍ ജോബിയെയും(1) ഒരോവറില്‍ മടക്കിയ ജലജ് സക്സേന ഞെട്ടിച്ചു. എന്നാല്‍ ജെറിന്‍റെ അപരാജിത പോരാട്ടം കൊച്ചിയെ വിജയതീരത്തെത്തിച്ചു.

View post on Instagram

നേരത്തെ ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 42 പന്തില്‍ 71 റണ്‍സടിച്ച ജലജ് സക്സേനയാണ് ആലപ്പിയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ 43 പന്തില്‍ 64 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.3 ഓവറില്‍ 94 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 25 പന്തിലാണ് ജലജ് സക്സേന അര്‍ധസെഞ്ചുറിയിലെത്തിയത്. എന്നാല്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ആലപ്പിക്ക് തിരിച്ചടിയായി. അവസാന മൂന്നോവറില്‍ 19 റണ്‍സ് മാത്രമാണ് ആലപ്പിക്ക് നേടാനായത്. ഇത് തോല്‍വിയില്‍ നിര്‍ണായകമായി.കൊച്ചിക്കായി കെ എം ആസിഫ് മൂന്നും ജെറിൻ പി എസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക