എല്ലാ സിനിമകളിലും കിട്ടില്ലല്ലോ നമ്മള്‍ക്ക്. ചില സിനിമകളെ നമുക്ക് കിട്ടു. അതില്‍ തന്നെ പല റോളുകളും കിട്ടും. അതങ്ങ് ചെയ്യാന്‍ നോക്കുക. കിട്ടാത്ത റോളില്‍ വീട്ടിലിരിക്കാന്‍ നോക്കുക എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നും സിംപിളാണെന്നും സഞ്ജു

ഷാര്‍ജ: ഏഷ്യാ കപ്പില്‍ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി സഞ്ജു സാംസണ്‍. മോഹൻലാലിന്‍റെ റോളുകളെക്കുറിച്ച് പറഞ്ഞ് എല്ലായ്പ്പോഴും നായകനാവാന്‍ പറ്റില്ലല്ലോ, ചില സമയത്ത് വില്ലനാവാനും ജോക്കറാകാനും തയാറാണ് എന്ന് പറഞ്ഞത്, ബാറ്റിംഗിന് അവസരം ലഭിക്കാത്തതിനെക്കുറിച്ചാണെന്ന് ആരാധകര്‍ കരുതുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം.

എന്നാല്‍ അങ്ങനെയൊന്നുമില്ല, എല്ലാ സിനിമകളിലും കിട്ടില്ലല്ലോ നമ്മള്‍ക്ക്. ചില സിനിമകളെ നമുക്ക് കിട്ടു. അതില്‍ തന്നെ പല റോളുകളും കിട്ടും. അതങ്ങ് ചെയ്യാന്‍ നോക്കുക. കിട്ടാത്ത റോളില്‍ വീട്ടിലിരിക്കാന്‍ നോക്കുക എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നും സിംപിളാണെന്നും സഞ്ജു പറഞ്ഞു. ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്‍റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജു അതിന് മുമ്പ് പറഞ്ഞത്. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ ചെയ്യുക എന്നതാണ് പ്രധാനം. ഇത് മനസ്സിൽ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും ഏഷ്യാ കപ്പില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു വ്യക്തമാക്കി. ക്രിക്കറ്ററായില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ സിനിമാ താരമാകുമായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സഞ്ജുവിന്‍റെ മറുപടി.

ബേസില്‍ ജോസഫ് അടുത്ത കൂട്ടുകാരനല്ലെ ഒരു റോള്‍ ചോദിച്ചൂകൂടെ എന്ന് ചോദിച്ചപ്പോള്‍ ബേസിലൊക്കെ അക്കാര്യത്തില്‍ വളരെ പ്രഫഷണല്‍ ആണ് ഇങ്ങനെ തമാശയൊന്നും ചെയ്യില്ല സിനിമയില്‍ എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ഫൈനലില്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരന്നു നിര്‍ദേശിച്ചിരുന്നതെന്നും സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു തിലക് വര്‍മക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടീമിന്‍റെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ഒമാനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങി അര്‍ധ സെഞ്ചുറി നേടി കളിയിലെ താരവുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജുവിനെ എട്ടാമനാക്കിയതിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക