ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായ സൂര്യക്ക് നാല് ഐപിഎൽ ഫൈനലുകളിലും പ്രതീക്ഷിച്ചപോലെ റണ്ണടിക്കാനായില്ല. 24 റൺസാണ് ഫൈനലിലെ ഉയർന്ന സ്കോർ.

ദുബായ്: ഏഷ്യാ കപ്പ് വിജയത്തിനിടയിലും ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റൻ സൂര്യകുമാർ. ഫൈനലിൽ ഒറ്റ റണ്ണിന് പുറത്തായ സൂര്യ, ടൂർണമെന്‍റിൽ ആകെ 72 റൺസാണ് നേടിയത്. ഫൈനലിൽ കളിമറക്കുന്ന പതിവ് പാകിസ്ഥാനെതിരെയും സൂര്യകുമാർ യാദവ് ആവർത്തിച്ചു. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യൻ നായകന്‍റെ അഞ്ച് പന്തിൽ ഒരു റണ്ണുമായി മടങ്ങി. ഇതാദ്യമായല്ല ഫൈനലില്‍ സൂര്യയെ ഗ്രഹണം ബാധിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെിരെ മൂന്ന് റണ്ണിന് പുറത്തായ സൂര്യ 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ നേടിയത് 28 പന്തില്‍ 18 റണ്‍സ് മാത്രം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായ സൂര്യക്ക് നാല് ഐപിഎൽ ഫൈനലുകളിലും പ്രതീക്ഷിച്ചപോലെ റണ്ണടിക്കാനായില്ല. 24 റൺസാണ് ഫൈനലിലെ ഉയർന്ന സ്കോർ. ഇതുവരെ കളിച്ച എട്ട് ഫൈനലുകളിൽ സൂര്യയുടെ പേരിനൊപ്പമുള്ളത് 115 റൺസ്. ഏഷ്യാ കപ്പിലും ഇന്ത്യൻ നായകന്‍റെ ബാറ്റിംഗ് പ്രകടനം ദയനീയമായിരുന്നു. ഏഴ് കളിയിൽ വെറും 72 റൺസ്. പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവാതെ നേടിയ 47 റൺസാണ് ഉയർന്ന സ്കോർ.

ഏഷ്യാ കപ്പില്‍ സമ്പൂര്‍ണ നിരാശ

സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായ സൂര്യ യു എ ഇക്കെതിരെ ഏഴും ബംഗ്ലാദേശിനെതിരെ അഞ്ചും ശ്രീലങ്കയ്ക്കെതിരെ പന്ത്രണ്ടും റൺസിന് പുറത്തായി. ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമൻ ആയിരുന്ന സൂര്യകുമാർ ഈ വർഷം 11 ഇന്നിംഗ്സിൽ നേടിയത് വെറും 100 റൺസ്. ശരാശരി 11.11. പാകിസ്ഥാനെതിരെയുള്ള സൂര്യയുടെ കണക്കും നിരാശപ്പെടുത്തും. എട്ട് കളിയിൽ 112 റൺസ് മാത്രം. കരിയറില്‍ കളിച്ച 90 ടി20യിൽ സൂര്യകുമാർ നാല് സെഞ്ച്വറികളോടെ ആകെ 2670 റൺസെടുത്തിട്ടുണ്ട്.

ഏഷ്യാ കപ്പ് ഫൈനലിനുശേഷം മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് സൂര്യ മറുപടി നല്‍കിയത് താന്‍ ഫോം ഔട്ടല്ലെന്നായിരുന്നു. റണ്‍സ് നേടാന്‍ കഴിയുന്നില്ലെന്നില്ലന്നെയുള്ളു, ഞാന്‍ ഫോം ഔട്ടല്ല. മത്സരത്തിന് മുമ്പ് നെറ്റ്സിലുള്ള പരിശീലനത്തിലും തയാറെടുപ്പിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. കളിക്കളത്തിലിറങ്ങുമ്പോള്‍ ഓട്ടോ പൈലറ്റ് മോഡിലാവും. ബാറ്റിംഗില്‍ ഫോം ഔട്ടാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡ് നിലനിര്‍ത്താനാവുന്നതാണ് സൂര്യയുടെ ടീമിലെ സ്ഥാനം ഇപ്പോള്‍ സുരക്ഷിതമാക്കുന്നത്. ശ്രീലങ്കക്കും, ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ നേടിയ സൂര്യകുമാര്‍ ഇപ്പോള്‍ ഏഷ്യാ കപ്പിലും ഇന്ത്യയെ ചാമ്പ്യൻമാരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക