ബൗണ്‍സര്‍ തലയില്‍ കൊള്ളുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ധവാന്‍ കുറിച്ചത് ഇങ്ങനെ, നമ്മള്‍ വീഴും, തകരും, പരാജയപ്പെടും, എന്നാല്‍ ഇതില്‍ നിന്നെല്ലാം നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും മുറിവുണക്കും, തിരിച്ചുവരും എന്നായിരുന്നു

തിരുവനന്തപുരം: സിക്സറടിച്ചാലും വിക്കറ്റ് തെറിച്ചാലും ഒരുപോലെ ചിരിക്കുന്ന കളിക്കാരിലൊരാളാണ് ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ അവസാന ഏകദിന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ധവാന്‍ മലയാളി താരം സഞ്ജു സാംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിന് മികച്ച സ്കോര്‍ സമ്മാനിക്കുകയും ചെയ്തു.

ബാറ്റ് ചെയ്യുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ ബൗണ്‍സര്‍ റിവേഴ്സ് സ്കൂപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന് പിഴച്ചു. പന്ത് കൊണ്ടത് ധവാന്റെ ഹെല്‍മെറ്റിലായിരുന്നു. കാര്യമായി പരിക്കേറ്റില്ലെങ്കിലും അല്‍പനേരത്തേക്ക് ഇത് ആശങ്കക്ക് ഇടയാക്കി. എന്നാല്‍ ആശങ്കയുടെ നിമിഷത്തിലും ധവാന്‍ പറഞ്ഞ തമാശയെക്കുറിച്ച് പറയുകയാണ് ആ സമയം ധവാനൊപ്പം ക്രീസിലുണ്ടായിരുന്ന സഞ്ജു സാംസണ്‍.

View post on Instagram

ബൗണ്‍സര്‍ തലയില്‍ കൊള്ളുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ധവാന്‍ കുറിച്ചത് ഇങ്ങനെ, നമ്മള്‍ വീഴും, തകരും, പരാജയപ്പെടും, എന്നാല്‍ ഇതില്‍ നിന്നെല്ലാം നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും മുറിവുണക്കും, തിരിച്ചുവരും എന്നായിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സഞ്ജു ആ സമയം പറഞ്ഞ തമാശ പങ്കുവെച്ചത്.

ആ സമയം താങ്കള്‍ എന്നോട് പറഞ്ഞത് ആ പന്ത് പൊട്ടിയോ എന്ന് നോക്കാനായിരുന്നു. ഇതിന് ധവാന്‍ നല്‍കിയ മറുപടിയാകട്ടെ താങ്കള്‍ക്കൊപ്പം ക്രീസില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു എന്നായിരുന്നു. മത്സരത്തില്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ സഞ്ജു 48 പന്തില്‍ 91 റണ്‍സടിച്ചു. സ‍ഞ്ജുവായിരുന്ന കളിയിലെ താരം.