ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടക്കൊന്ന് പതറിയെങ്കിലും അശ്വിന്റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (CSK) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് (Sanju Samson) അത്ര നല്ല ദിവസമായിരുന്നില്ല. ക്യാപ്റ്റന്‍സി മാത്രമാണ് എടുത്തുപറയാനുള്ളത്. ക്രീസില്‍ പിടിച്ചുനില്‍ക്കേണ്ട സമയത്ത് 20 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. കീപ്പിംഗില്‍ രണ്ട് തവണ എം എസ് ധോണി (MS Dhoni) നല്‍കിയ അവസരം വിട്ടുകളയുകയും ചെയ്തു. എന്നാലത് ബുദ്ധിമുട്ടേറിയ അവസരങ്ങളായിരുന്നു. 

എന്നാല്‍ മത്സരശേഷം സഞ്ജു പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലപ്പുറത്ത് നിന്നെത്തിയ ആരാധകരുടെ ചിത്രങ്ങളാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ ചിത്രമുള്ള ഫ്‌ളെക്‌സും ആരാധകരുടെ കയ്യിലുണ്ടായിരുന്നു. സഞ്ജുവിന്റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം കേരളത്തില്‍ നിന്ന് വന്നാതാണെന്ന് ഫ്‌ളെക്‌സില്‍ എഴുതിയിരിക്കുന്നു. സഞ്ജു പങ്കുവച്ച ചിത്രങ്ങള്‍ കാണാം... 

അതേസമയം, കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കാനും ടീമിനായി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടക്കൊന്ന് പതറിയെങ്കിലും അശ്വിന്റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

44 പന്തില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച അശ്വിന്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോസ് ബട്ലര്‍(2) വീണ്ടും നിരാശപ്പെടുത്തി. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 150-6, രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 151-5.

ജയത്തോടെ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ച രാജസ്ഥാന്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ തോറ്റാലും എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി രാജസ്ഥാന് രണ്ടാം ക്വാളിഫയറില്‍ കളിക്കാനാകും. ഇതില്‍ ജയിച്ചാല്‍ ഫൈനലിലെത്താം.