ഡല്‍ഹിക്കായി നായകന്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പന്തിനെ പ്രശംസിച്ചും സഞ്ജുവിനെ ഇകഴ്ത്തിയും ബിഷപ്പ് കമന്‍ററി പറഞ്ഞുവെന്ന് എക്സില്‍ ഒരു ആരാധകന്‍ ബിഷപ്പിന്‍റെ ചിത്രം സഹിതം പോസ്റ്റിട്ടത് സഞ്ജു ഫാന്‍സിനെ ഞെട്ടിച്ചു.
ലഖ്നൗ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ ഏറ്റവും കടുത്ത ആരാധകരിലൊരാളണ് മുന്‍ വിന്‍ഡീസ് പേസറും കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്. സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ ബിഷപ്പ് കമന്‍ററി ബോക്സിലുണ്ടെങ്കിലും സഞ്ജുവിന് വാഴ്ത്തുന്നതിന് കൈയു കണക്കുമുണ്ടാകാറുമില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ഡല്‍ഹിക്കായി നായകന്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പന്തിനെ പ്രശംസിച്ചും സഞ്ജുവിനെ ഇകഴ്ത്തിയും ബിഷപ്പ് കമന്‍ററി പറഞ്ഞുവെന്ന് എക്സില്‍ ഒരു ആരാധകന്‍ ബിഷപ്പിന്‍റെ ചിത്രം സഹിതം പോസ്റ്റിട്ടത് സഞ്ജു ഫാന്‍സിനെ ഞെട്ടിച്ചു. റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കമന്‍ററി ബോക്സിലുണ്ടായിരുന്ന ബിഷപ്പ് പറഞ്ഞതെന്ന് പറഞ്ഞ് ആരാധകന്‍ എക്സില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഇങ്ങനെയായിരുന്നു.
സഞ്ജുവിന് എന്ത് ചെയ്യാന്‍ കഴിയുമോ അതിനെക്കാള്‍ മികച്ച രീതിയില്‍ റിഷഭ് പന്തിന് അത് ചെയ്യാനാവുമെന്ന് ബിഷപ്പ് പറഞ്ഞതായും അദ്ദേഹം ഒടുവില്‍ സത്യം വിളിച്ചു പറയുന്നുവെന്നുമായിരുന്നു ഹാസ്‌ലെ എന്ന പേരിലുള്ള ആരാധകന്‍റെ എക്സ് പോസ്റ്റ്. എന്നാല്‍ ഇതിന് താഴെ മറുപടിയുമായി സാക്ഷാല്‍ ബിഷപ്പ് തന്നെ എത്തി. അങ്ങനെയൊക്കെ ഞാന്‍ ശരിക്കും പറയുമെന്നാണോ താങ്കള്‍ കരുതുന്നത് എന്നായിരുന്നു ബിഷപ്പിന്‍റെ മറുചോദ്യം.
ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 63-2ല്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ റിഷഭ് പന്ത് 24 പന്തില്‍ നാല് ഫോറും രണ്ട് സിക്സും പറത്തി 41 റണ്‍സടിച്ച് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ബാറ്റിംഗിനിടെ റിഷഭ് പന്തിന്‍റെ റിവേഴ്സ് സ്കൂപ്പും ശ്രദ്ധേയമായിരുന്നു.
സീസണിലെ റണ്‍വേട്ടയില്‍ ആറ് മത്സരങ്ങളില്‍ 194 റണ്‍സുമായി ആറാം സ്ഥാനത്താണ് റിഷഭ് പന്ത്. 157.72 എന്ന മികച്ച സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. അഞ്ച് മത്സരങ്ങളില്‍ 246 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടയില്‍ നിലവില്‍ നാലാമതുണ്ട്. സഞ്ജുവിനും 157.69 സ്ട്രൈക്ക് റേറ്റുണ്ട്.
