സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാൻ കാത്തിരുന്നവരെ നിരാശരാക്കി വിനൂപ് മനോഹരനും ജോബിന്‍ ജോയിയുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ അരങ്ങേറിയെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണറായി ഇറങ്ങാതെ സഞ്ജു സാംസണ്‍ ബാറ്റിം ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് ചര്‍ച്ചയാക്കി ആരാധകര്‍. ഇന്നലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 98 ണ്‍സിന്‍റെ കുഞ്ഞൻ വിജയലക്ഷ്യമായിരുന്നു സഞ്ജുവിന്‍റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാൻ കാത്തിരുന്നവരെ നിരാശരാക്കി വിനൂപ് മനോഹരനും ജോബിന്‍ ജോയിയുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
നാലാം ഓവറിലെ ആദ്യ പന്തില്‍ ജോബിന്‍ ജോയ് റണ്ണൗട്ടായപ്പോള്‍ മൂന്നാം നമ്പറില്‍ ടൈഗേഴ്സിനായി ബാറ്റിംഗിനിറങ്ങിയത് മുഹമ്മദ് ഷാനു ആയിരുന്നു. നാലാം ഓവറിലെ അവസാന പന്തില്‍ വിനൂപ് മനോഹരനെ വിനിലിന്‍റെ പന്തില്‍ അബ്ദുള്‍ ബാസിത് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോഴാകട്ടെ സഞ്ജുവിന്‍റെ സഹോദരന്‍ സാലി വിശ്വനാഥ് ആണ് നാലാം നമ്പറില്‍ ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് മത്സരം ജയിപ്പിച്ചതോടെ സഞ്ജുവിന് ക്രീസിലിറങ്ങേണ്ടിവന്നില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിനെ ഇട്ടിരുന്നത്. ഏഷ്യാ കപ്പിനുള്ള മുന്നൊരുക്കമാണിതെന്നാണ് സൂചന.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയെങ്കിലും ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ശുഭ്മാന്‍ ഗില്ലിനെയും ടീമിലെടുത്ത പശ്ചാത്തലത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി ഇറക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കെസിഎല്ലില്‍ സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങി ഫിനിഷറായി കളിക്കുന്നതെന്നാണ് സൂചന. ഏഷ്യാ കപ്പ് ടീമില്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുകയും തിലക് വര്‍മയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും മൂന്നും നാലും സ്ഥാനങ്ങളിലെത്തുകയും ചെയ്യുമെന്നുറപ്പാണ്. അഞ്ചാം നമ്പറിൽ മാത്രമാണ് പിന്നീട് സഞ്ജുവിന് സാധ്യതയുള്ളത്. സഞ്ജു അഞ്ചാമനായി ഇറങ്ങിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും അക്സര്‍ പട്ടേല്‍ ഏഴാമതും എത്തും.
എന്നാല്‍ ഏഷ്യാ കപ്പ് ടീമിലേക്ക് സഞ്ജുവിനെ ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ മധ്യനിരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കെ സി എല്ലില്‍ മധ്യനിരയില്‍ ഫിനിഷറായി തിളങ്ങിയാല്‍ ഏഷ്യാ കപ്പിലും സഞ്ജുവിന് ആ പൊസിഷനില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും. ആദ്യമായി കെ സി എല്ലില്‍ കളിച്ച സഞ്ജു യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് മധ്യനിരയിലേക്ക് മാറിയതെന്നും വാദമുണ്ട്. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ഏഷ്യാ കപ്പ് ടീമിലെത്തിയ ജിതേഷ് ശര്‍മ ഐപിഎല്ലില്‍ ഫിനിഷറായി കളിക്കുന്ന താരമാണ്.


