ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരമായ വൈഭവ് 65 സിക്സുകളും 55 ബൗണ്ടറികളും പറത്തി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലുമാണ് റണ്ണടിച്ചുകൂട്ടിയത്.

ന്യൂചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് 15 മത്സരങ്ങളില്‍ 680 റണ്‍സുമായാണ് സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരമായ വൈഭവ് 65 സിക്സുകളും 55 ബൗണ്ടറികളും പറത്തി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലുമാണ് റണ്ണടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന റെക്കോര്‍ഡും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇന്നലെ സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

15 മത്സരങ്ങളില്‍ 652 റണ്‍സുമായി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്. രാജസ്ഥാനെതിപെ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ 15 മത്സരങ്ങളില്‍ 624 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോൾ 618 റണ്‍സുമായി ഗില്‍ നാലാം സ്ഥാനത്തുണ്ട്. രാജസ്ഥാനെതിരെ 11 പന്തില്‍ 33 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ 602 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. റണ്‍വേട്ടക്കാരില്‍ വിരാട് കോലിയെ മറികടന്ന കിഷന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

600 റണ്‍സുമായി വിരാട് കോലി ആറാം സ്ഥാനത്തുള്ളപ്പോള്‍ 593 റണ്‍സടിച്ച കെ എല്‍ രാഹുല്‍ ഏഴാമതും 563 റണ്‍സടിച്ച ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ എട്ടാമതുമാണ്. ഇന്നലെ രാജസ്ഥാനെതിരെ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. 563 റണ്‍സടിച്ച ലക്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആണ് ഒമ്പതാമത്. 510 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗാണ് ടോപ് 10ലെ അവസാന സ്ഥാനക്കാരൻ. ഇന്നലെ ഹൈദരാബാദിനെതിരെ 21 പന്തില്‍ 50 റണ്‍സടിച്ച രാജസ്ഥാന്‍ താരം ധ്രുവ് ജുറെല്‍ 15 മത്സരങ്ങളില്‍ 508 റണ്‍സുമായി 11-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇഷാന്‍ കിഷന്‍ 600 റണ്‍സും ധ്രുവ് ജുറെല്‍ 500 റണ്‍സും പിന്നിട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ 477 റണ്‍സുമായി പതിനാറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ മാത്രം ഐപിഎല്ലില്‍ ശേഷിക്കെ സഞ്ജു ടോപ് 20ല്‍ സ്ഥാനം നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 463 റണ്‍സടിച്ച ആര്‍സിബി താരം ദേവ്ദത്ത് പടിക്കലും 426 റണ്‍സടിച്ച രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളുമാണ് ഇനി സഞ്ജുവിനെ പിന്നിലാക്കാന്‍ സാധ്യതയുള്ളവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക