സന്നാഹ മത്സരമായതിനാലും മത്സരഫലമോ പ്രകടനമോ കണക്കുകളില്‍ ഉള്‍പ്പെടുത്താത്തിനാലും ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് സമ്മര്‍ദ്ദമൊന്നുമില്ലാതെ കളിക്കാം.

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് സഞ്ജു സാംസണ് ഓപ്പണര്‍ സ്ഥാനത്ത് ഫോം വീണ്ടെടുക്കാന്‍ ഒരവസരം കൂടി ലഭിക്കുമെന്ന് സൂചന. മറ്റന്നാള്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടുമ്പോഴാണ് സഞ്ജുവിന് ഓപ്പണറായി വീണ്ടും അവസരം ലഭിക്കുക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് കളിക്കുന്നത്. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.

എന്തുകൊണ്ട് സഞ്ജു

സന്നാഹ മത്സരങ്ങൾക്ക് ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര പദവിയില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ നേടുന്ന റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറുമില്ല. ടോസ് സമയത്ത് മത്സരത്തിനുള്ള അന്തിമ ഇലവനെ ക്യാപ്റ്റൻമാര്‍ പ്രഖ്യാപിക്കേണ്ടതുമില്ല. ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒരിക്കല്‍ കൂടി ഇന്ത്യ ഓപ്പണറായി പരീക്ഷിക്കുമെന്നുറപ്പാണ്.

ഇഷാന്‍ കിഷന്‍ മിന്നുന്ന ഫോമിലായതിനാല്‍ ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഏതാണ്ടുറപ്പാണ്. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് സഞ്ജു കൂടി ഫോമിലായാല്‍ അത് ഇന്ത്യക്ക് ബോണസാകും. ഇഷാന്‍ കിഷനെ ഓപ്പണറാക്കിയാല്‍ ടോപ് ഓര്‍ഡറിലെ ആദ്യ നാലു പേരില്‍ മൂന്ന് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന പ്രതിസന്ധി ടീം മാനേജ്മെന്‍റിന് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിന് മുമ്പ് സഞ്ജു ഫോം വീണ്ടെടുക്കേണ്ടത് ടീമിന് അനിവാര്യമാണ്.

സമ്മര്‍ദ്ദമില്ലാതെ കളിക്കാം, പക്ഷെ..

സന്നാഹ മത്സരമായതിനാലും മത്സരഫലമോ പ്രകടനമോ കണക്കുകളില്‍ ഉള്‍പ്പെടുത്താത്തിനാലും ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് സമ്മര്‍ദ്ദമൊന്നുമില്ലാതെ കളിക്കാം. എന്നാല്‍ സന്നാഹ മത്സരത്തിലും തിളങ്ങാനായില്ലെങ്കില്‍ പിന്നെ ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സഞ്ജു സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.ഇഷാന്‍ കിഷന് പരിക്കേറ്റാല്‍ മാത്രമാകും സ‍ഞ്ജുവിന് പിന്നീട് ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ കളിക്കാനാകു.

ഈ മാസം ഏഴിന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊളംബോയില്‍ രാവിലെ 11 മണിക്കാണ് മത്സരം തുടങ്ങുക. രണ്ടാം മത്സരത്തില്‍ വൈകിട്ട് മൂന്നിന് വെസ്റ്റ് ഇന്‍ഡീസ് സ്കോട്‌ലന്‍ഡിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം മത്സരം. മൂന്നാം മത്സരത്തില്‍ വൈകിട്ട് ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ അമേരിക്കയെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക