കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയെന്നുളളതാണ് പ്രത്യേകത. 17 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ബാബര്‍ അസമാണ് പാകിസ്ഥാനെ നയിക്കുക. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്ക്, വഹാബ് റിയാസ് എന്നിവരും ടീമില്‍ ഇടം കണ്ടെത്തി. നിലവില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാന്‍. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ സതാംപ്ടണില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. 

മൂന്ന് ടി20 മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. മൂന്ന് മത്സരങ്ങളും മാഞ്ചസ്റ്ററിലാണ് നടക്കുക. ഈ മാസം 28, 30, സെപ്റ്റംബര്‍ 1 തിയ്യതികളിലാണ് മത്സരം. നേരത്തെ, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സര്‍ഫറാസ് ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍ യുവ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനാണ് പ്ലയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഇതിനിടെ ആദ്യ ടെസ്റ്റില്‍ സര്‍ഫറാസിനെ വാട്ടര്‍ബോയ് ആക്കിയതി വിവാദമായിരുന്നു. മുന്‍ ക്യാപ്റ്റനോട് ഇത്തരത്തിലല്ല പെരുമാറേണ്ടതെന്ന് മുന്‍ പാക് താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം താരം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. റിസ്‌വാനും ടി20 ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ഫറാസിന് ടീമിലിടം ലഭിക്കുമോയെന്ന് കണ്ടറിയണം. 

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, ഫഖര്‍ സമന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തികര്‍ അഹമ്മദ്, ഇമാദ് വാസിം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷൊയ്ബ് മാലിക്ക്, വഹാബ് റിയാസ്.