അരങ്ങേറ്റ അർധസെഞ്ചുറിയില്‍ സർഫറാസ് ഖാന്‍ വാഴ്ത്തപ്പെടുമ്പോള്‍ അദേഹത്തെ തേടി ഒരു അപ്രതീക്ഷിത ഫോണ്‍കോള്‍ എത്തി
രാജ്കോട്ട്: സർഫറാസ് ഖാന്‍ എന്ന പേര് നമ്മള്‍ കേട്ട് ശീലിച്ചിട്ട് വർഷങ്ങളായി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും നൂറിലേറെ ശരാശരിയില്‍ ബാറ്റ് ചെയ്തൊരു താരത്തിന് പക്ഷേ ദേശീയ ടീമിന്‍റെ വാതില്‍ തുറക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. ഏകദിന ശൈലിയില്‍ അർധസെഞ്ചുറിയുമായി അരങ്ങേറിയാണ് സർഫറാസ് ഖാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തന്‍റെ വരവറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ അരങ്ങേറ്റ അർധസെഞ്ചുറിയില്‍ സർഫറാസ് ഖാന്‍ വാഴ്ത്തപ്പെടുമ്പോള്‍ അദേഹത്തെ തേടി ഒരു അപ്രതീക്ഷിത ഫോണ്‍കോള്‍ എത്തി.
സർഫറാസ് ഖാന്‍റെ ടെസ്റ്റ് അരങ്ങേറ്റം കാണാന്‍ അദേഹത്തിന്‍റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാന്‍ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സർഫറാസിന്‍റെ ഭാര്യയും മത്സരം വീക്ഷിക്കാന്‍ രാജ്കോട്ടിലെത്തി. രാജ്കോട്ട് ടെസ്റ്റിന്‍റെ ആദ്യ ദിനം തകർപ്പന്‍ അർധസെഞ്ചുറി നേടിയതിന് പിന്നാലെ കുടുംബത്തില്‍ നിന്നുതന്നെ സർഫറാസിന് ഒരു ഫോണ്‍കോള്‍ എത്തി. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പില്‍ അടുത്തിടെ ഇന്ത്യക്കായി തിളങ്ങിയ അനുജന്‍ മുഷീർ ഖാനാണ് വീഡിയോ കോളില്‍ സർഫറാസിനെ വിളിച്ചത്.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ അർധസെഞ്ചുറി നേടിയ സർഫറാസ് ഖാനെ അഭിനന്ദിക്കാന്‍ വീഡിയോ കോള്‍ വിളിച്ചതായിരുന്നു മുഷീർ ഖാന്‍. സുഖമാണോ എന്ന് തിരക്കിയ ശേഷം ഞാന്‍ നന്നായി കളിച്ചോ എന്നായിരുന്നു മുഷീറിനോട് സർഫറാസിന്‍റെ ആദ്യ ചോദ്യം. നമ്പർ 1 ഇന്നിംഗ്സായിരുന്നു, ഞാനത് ആസ്വദിച്ചു എന്നും മുഷീർ പറഞ്ഞതോടെ സർഫറാസിന്‍റെ സന്തോഷം ഇരട്ടിയായി. നീയും ഒരിക്കല്‍ ടീം ഇന്ത്യക്കായി അരങ്ങേറും എന്ന് പറഞ്ഞുകൊണ്ട് മുഷീറിനെ തന്‍റെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് വീഡിയോയില്‍ സർഫറാസ് കാട്ടിക്കൊടുത്തു. ജോ റൂട്ടിനെതിരെ ടോപ് എഡ്ജായ പന്തില്‍ ഭയപ്പെട്ടതായി മുഷീർ വ്യക്തമാക്കി. ഹോട്ടല്‍ മുറിയിലെത്തിയ ശേഷം വിശദമായി വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു സർഫറാസ് ഖാന്‍. സർഫറാസും മുഷീറും വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കന്നി ടെസ്റ്റ് ഇന്നിംഗ്സില്‍ ഏകദിന ശൈലിയില്‍ അർധസെഞ്ചുറി നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായി സർഫറാസ് ഖാന്‍ റണ്ണൗട്ടായി. 66 പന്തില്‍ 62 റണ്‍സെടുത്ത സർഫറാസ് രവീന്ദ്ര ജഡേജയുടെ വിളി കേട്ട് ഓടി മാർക് വുഡിന്‍റെ ത്രോയില്‍ പുറത്താവുകയായിരുന്നു.
