നിലവിലെ ഓപ്പണർ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിക്കണം എന്നും വസീം ജാഫർ

എഡ്‍ജ്‍ബാസ്റ്റണ്‍: എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിലെ(ENG vs IND 5th Test) തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം ആവശ്യപ്പെട്ട് മുന്‍ ഓപ്പണർ വസീം ജാഫർ(Wasim Jaffer). രഞ്ജി ട്രോഫിയില്‍ റണ്‍മഴ തീർത്ത സർഫറാസ് ഖാനെ(Sarfaraz Khan) ടീമിലുള്‍പ്പെടുത്തണം എന്ന് ജാഫർ ആവശ്യപ്പെട്ടു. നിലവിലെ ഓപ്പണർ ശുഭ്മാന്‍ ഗില്ലിനെ(Shubman Gill) മധ്യനിരയില്‍ പരീക്ഷിക്കണം എന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. 

'സർഫറാസ് ഖാന്‍ അവസരത്തിനായി പുറത്ത് കാത്തുനില്‍ക്കുകയാണ്. അതിനാല്‍ ടീമില്‍ സ്ഥാനം നിലനിർത്തുക ഹനുമാ വിഹാരിക്ക് പ്രയാസമാകും. രഞ്ജി ട്രോഫിയില്‍ സർഫറാസ് മികച്ച ഫോമിലായിരുന്നു. അദേഹത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം നല്‍കണം. ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിക്കണം. ഗില്ലൊരും ഭാവിതാരമാണ്. പക്ഷേ ഓപ്പണിംഗ് സ്പോട്ട് മാത്രമല്ല അദേഹത്തിനുള്ളത്. ഒരു മത്സരത്തില്‍ അവസരം ലഭിച്ചതിന് ശേഷം ഷർദ്ദുല്‍ ഠാക്കൂറിനെ ഒഴിവാക്കുമെന്ന് തോന്നുന്നില്ല' എന്നും വസീം ജാഫർ വ്യക്തമാക്കി.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഫൈനിലെത്താനുള്ള സാധ്യത കുറവാണെന്നും മുന്‍ ഓപ്പണർ വസീം ജാഫർ പറഞ്ഞു. 'നിലവിലെ ഫലങ്ങള്‍ വച്ച് ഫൈനലിലെത്തുക ഇന്ത്യക്ക് പ്രയാസമാണ്. ഇന്ത്യ ഇനി ഏറെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നുമില്ല' എന്ന് ജാഫർ വ്യക്തമാക്കി. 

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത നേടിയതോടെയാണിത്. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

മത്സരത്തില്‍ 17, 4 എന്നിങ്ങനെയായിരുന്നു ശുഭ്മാന്‍ ഗില്ലിന്‍റെ സ്കോർ. ഹനുമാ വിഹാരി രണ്ടിന്നിംഗ്സിലുമായി 31 റണ്‍സേ നേടിയുള്ളൂ. അതേസമയം രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ 123 ബാറ്റിംഗ് ശരാശരിയില്‍ 982 റണ്‍സ് സർഫറാസ് അടിച്ചുകൂട്ടിയിരുന്നു. രഞ്ജി സീസണിലെ ഉയർന്ന റണ്‍വേട്ടക്കാരനാണ് മുംബൈ ബാറ്ററായ സർഫറാസ്. സർഫറാസ് ഖാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. 

ENG vs IND : ഇംഗ്ലണ്ട് 1-0ന് പരമ്പര നേടിയെന്ന് ബാർമി ആർമി; നിർത്തിപ്പൊരിച്ച് അമിത് മിശ്രയുടെ മറുപടി