Asianet News MalayalamAsianet News Malayalam

SAvIND : സെഞ്ചൂറിയനില്‍ കനത്ത മഴ; ദക്ഷിണാഫ്രിക്ക- ഇന്ത്യ ആദ്യ ടെസ്റ്റിന്‍റെ രണ്ടാംദിനം ഉപേക്ഷിച്ചു

ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul) 248 പന്തില്‍ 122* റണ്‍സും അജിന്‍ക്യ രഹാനെയുമാണ് (Ajinkya Rahane) 81 പന്തില്‍ 40* ക്രീസില്‍. 

SAvIND Second day of Centurion Test abandoned due to rain
Author
Centurion, First Published Dec 27, 2021, 6:04 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ  (South Africa vs India 1st Test) രണ്ടാംദിനം മഴമൂലം ഉപേക്ഷിച്ചു. മൂന്ന് വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ (Team India). എന്നാലിന്ന് മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul) 248 പന്തില്‍ 122* റണ്‍സും അജിന്‍ക്യ രഹാനെയുമാണ് (Ajinkya Rahane) 81 പന്തില്‍ 40* ക്രീസില്‍. 

ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

എന്‍ഗിഡിയുടെ സ്‌പെല്‍, രാഹുലിന്റെ സെഞ്ചുറി

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

പൂജാര സംപൂജ്യന്‍

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ടീമില്‍ അഞ്ച് ബൗളര്‍മാര്‍

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്പിന്നറായി ടീമിലെത്തി. 

Follow Us:
Download App:
  • android
  • ios