പ്രധാനമന്ത്രിയാവാന്‍ ഇമ്രാന്‍ ഖാനെ സഹായിച്ചതായി ഞാന്‍ വെളിപ്പെടുത്തുകയാണ് എന്ന് ജാവേദ് മിയാന്‍ദാദ്
ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനെതിരെ വെളിപ്പെടുത്തലുമായി സഹതാരമായിരുന്ന ജാവേദ് മിയാന്‍ദാദ്. ഇമ്രാനെ പ്രധാനമന്ത്രിപദത്തിലെത്താന്‍ സഹായിച്ചെങ്കിലും അദേഹം ഒന്ന് ഫോണ്‍ വിളിച്ച് നന്ദി പറയാനുള്ള മനസ് പോലും കാണിച്ചില്ല എന്നാണ് മിയാന്‍ദാദ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 1992 ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് കിരീടം സമ്മാനിച്ച നിര്‍ണായക താരങ്ങളാണ് ഇരുവരും.
പ്രധാനമന്ത്രിയാവാന്‍ ഇമ്രാന്‍ ഖാനെ സഹായിച്ചതായി ഞാന്‍ വെളിപ്പെടുത്തുകയാണ്. അദേഹത്തിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഞാനുമുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ല. അത് എന്നെ ഏറെ നിരാശനാക്കി. അത് ചെയ്യേണ്ടത് ഇമ്രാന്‍റെ കടമയായിരുന്നു. പിന്നെന്തിന് അദേഹം രാത്രി രണ്ട് മണിക്ക് എന്‍റെ വാതിലില്‍ മുട്ടി എന്നും ജാവേജ് മിയാന്‍ദാദ് തുറന്നടിച്ചു. 2018 ഓഗസ്റ്റിലാണ് പാക് പ്രധാമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റത്. എന്നാല്‍ 2022 ഏപ്രിലില്‍ ഇമ്രാന് പ്രധാനമന്ത്രി സ്ഥാനം നഷ്‌ടമായി.
1992 ലോകകപ്പ് പാകിസ്ഥാന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ താരങ്ങളാണ് ഇമ്രാന്‍ ഖാനും ജാവേദ് മിയാന്‍ദാദും. മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പിച്ച് കിരീടം ചൂടുമ്പോള്‍ അന്ന് ഇമ്രാനായിരുന്നു പാക് ക്യാപ്റ്റന്‍. മിയാന്‍ദാദ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. 9 മത്സരങ്ങളില്‍ 62.43 ശരാശരിയില്‍ 437 റണ്‍സാണ് മിയാന്‍ദാദ് സ്വന്തമാക്കിയത്. ഫൈനലില്‍ 132 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടുമായി ഇമ്രാനും മിയാന്‍ദാദും തിളങ്ങിയിരുന്നു. ഇമ്രാന്‍ 110 പന്തില്‍ 72 ഉം, മിയാന്‍ദാദ് 98 പന്തില്‍ 58 ഉം റണ്‍സ് നേടി. ഇമ്രാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Read more: ജോറായി ജോ റൂട്ടിന്‍റെ ഒറ്റകൈയന്‍ പറക്കും ക്യാച്ച്; കരിയറിലെ ഏറ്റവും മികച്ചത്, റെക്കോര്‍ഡ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
