ടൊറാന്റോ: ഇതുവരെ ടി20 ക്രിക്കറ്റ് കളിക്കാത്ത മുന്‍കാല താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ ഓസ്‌ട്രേിലന്‍ താരം ഡീന്‍ ജോണ്‍സിന്റെ സ്വപ്‌ന ടീം. ഏത് ഫോര്‍മാറ്റിനും ഇണങ്ങുന്ന താരങ്ങളാണെന്നാണ് തന്റെ ടീമിലുള്ളതെന്ന് കമന്റേറ്റര്‍കൂടിയായ ജോണ്‍സ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന എം എസ് ധോണി മാത്രമാണ് ടീമില്‍ ഇടം നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നീ ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് പരിഗണിച്ചില്ല.

ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, ക്വേര്‍ട്‌ലി ആംബ്രോസ്, ജോയല്‍ ഗാര്‍നര്‍ എന്നീ അഞ്ച് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടീമില്‍ ഇടം നേടി. മാത്യു ഹെയ്ഡന്‍, ഷെയ്ന്‍ വോണ്‍ എന്നിവരാണ് ടീമില്‍ സ്ഥാനം കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ധോണിക്ക് പുറമെ മാര്‍ട്ടിന്‍ ക്രോ (ന്യൂസിലന്‍ഡ്) ഇയാന്‍ ബോതം (ഇംഗ്ലണ്ട്) വസീം അക്രം (പാക്കിസ്ഥാന്‍) എന്നിവരും ടീമിലെത്തി.

ഗ്രീനിഡ്ജ്- ഹെയ്ഡന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. റിച്ചാര്‍ഡ്‌സ്, ലാറ എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍. അഞ്ചാമനായി മാര്‍ട്ടിന്‍ ക്രോയും പിന്നീട് ധോണിയും ക്രീസിലെത്തും.