മുംബൈ അടുത്ത മാസം ഇം​ഗ്ലണ്ടിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടർമാർ ഇന്ന് പ്രഖ്യാപിക്കും.  കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് പ്രധാന ടൂർണമെന്റുകൾക്കുമായി ജംബോ സംഘത്തെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. 30 പേരടങ്ങുന്ന ടീമിനെയാവും നാല് മാസം നീണ്ടു നിൽക്കുന്ന പര്യടനത്തിനായി സെലക്ടർമാർ ഇന്ന് പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ട്.

ജൂൺ 18 മുതൽ 22 വരെ ഇം​ഗ്ലണ്ടില സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ന്യുൂസിലൻഡാണ് എതിരാളികൾ. നേരത്തെ ജൂൺ മൂന്നിനാണ് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലേക്ക് പോകാനിരുന്നതെങ്കിലും ഐപിഎൽ റദ്ദാക്കിയതിനാൽ ഇത് നേരത്തെയാക്കുന്നകാര്യം ബിസിസിഐ പരി​ഗണിക്കുന്നുണ്ട്.

ഇം​ഗ്ലണ്ടിൽ ക്വാറന്റീൻ നിബന്ധനകൾ കർശനമാണെന്നതുും നേരത്തെ ഇം​ഗ്ലണ്ടിലെത്താൻ ഇന്ത്യൻ ടീമിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് ബ്രിട്ടനിലുള്ളത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഓ​ഗസ്റ്റ് നാലു മുതൽ ആറ് വരെ നോട്ടിം​ഗ്ഹാമിലാണ് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റും 25-29 ലീഡ്സിൽ മൂന്നാം ടെസ്റ്റും സെപ്റ്റംബർ 2 -6 ഓവലിൽ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റും നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona