സെലക്ടര്‍മാര്‍ എന്ത് തീരുമാനിച്ചാലും ബിസിസിഐ അത് അംഗീകരിക്കുമെന്നും ഗാംഗുലി

മുംബൈ: ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ (Team India captain) ആരാകണമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് (BCCI President) സൗരവ് ഗാംഗുലി (Sourav Ganguly). സെലക്ടര്‍മാര്‍ എന്ത് തീരുമാനിച്ചാലും ബിസിസിഐ (BCCI) അത് അംഗീകരിക്കുമെന്നും ഗാംഗുലി ഒരു അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ വിരാട് കോലിയെ (Virat Kohli) ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കിയതിനെ ചൊല്ലി ഗാംഗുലിയും താരവും തമ്മില്‍ വാക്‌വാദമുണ്ടായിരുന്നു. ചട്ടം ലംഘിച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്നുവെന്ന ആരോപണവും ഗാംഗുലിക്കെതിരെയുണ്ട്. 

'ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിലും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹം. എന്നാൽ അമിത പ്രതീക്ഷകള്‍ വച്ച് ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇല്ലെന്നും' ഗാംഗുലി പറ‌ഞ്ഞു. 'ഇന്ത്യന്‍ നായകപദവിയേക്കാള്‍ കടുപ്പമുള്ളതല്ല ബിസിസിഐ അധ്യക്ഷ പദവി. കൊവിഡ് വ്യാപനം കാരണം ലക്ഷ്യംവച്ച പലതും നടപ്പിലാക്കാന്‍ കഴി‌ഞ്ഞില്ലെന്നും' ഗാംഗുലി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. 

കോലി-ഗാംഗുലി പോര്

ട്വന്‍റി 20 ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച കോലിയോട് നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായും ബിസിസിഐയും അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം തീരുമാനം വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുമ്പ് കോലി തുറന്നുപറഞ്ഞതോടെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. 

കോലിയും ബിസിസിഐയും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു എന്നഭിപ്രായപ്പെട്ട് മുന്‍താരങ്ങള്‍ പിന്നാലെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍ കോലി അപ്രതീക്ഷിതമായി രാജിവെക്കുകയും ചെയ്തു. ഏകദിനത്തിലും ടി20യിലും രോഹിത് ശര്‍മ്മയെ കോലിയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് തീരുമാനിച്ചപ്പോള്‍ ടെസ്റ്റ് നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഗാംഗുലിക്കെതിരെ ആരോപണം

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചട്ടം ലംഘിച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുക്കുന്നതായി ആരോപണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീം സെലക്ഷനില്‍ ബിസിസിഐ കൈകടത്തുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ട്വീറ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ബിസിസിഐ ഭരണഘടന പ്രകാരം സെക്രട്ടറിക്ക് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ടീം സെലക്ഷനില്‍ സെലക്ടര്‍മാരുടേതാണ് അവസാന വാക്ക്.

Sourav Ganguly: ചട്ടം ലംഘിച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്നു, ഗാംഗുലിക്കെതിരെ പുതിയ ആരോപണം