രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ആദ്യ സെഷനില്‍ മുത്തുസാമിയും വെരിയെന്നെയും കരുതലോടെ പിടിച്ചു നിന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.

ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 316 റണ്‍സെന്ന മികച്ച നിലയിലാണ്. 56 റണ്‍സോടെ സെനുരാന്‍ മുത്തുസാമിയും 38 റണ്‍സോടെ കെയ്ൽ വെരിയെന്നെയും ക്രീസില്‍. രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ആദ്യ സെഷനില്‍ മുത്തുസാമിയും വെരിയെന്നെയും കരുതലോടെ പിടിച്ചു നിന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 70 റണ്‍സടിച്ചിട്ടുണ്ട്.

ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന ആദ്യ സെഷനില്‍ അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പ് മുത്തുസാമിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു. പിന്നീട് കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല.

ഇന്നലെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും മികച്ച തുടക്കം നല്‍കിയിരുന്നു. തുടക്കത്തിലെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മാര്‍ക്രം നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ രാഹുല്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചായക്ക് ശേഷം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കക്ക് അതേ സ്‌കോറില്‍ റിക്കിള്‍ടന്‍റെ വിക്കറ്റും നഷ്ടമായി. 35 റണ്‍സെടുത്ത റിക്കിള്‍ടണെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കരുതലോടെ കളിച്ച ബാവുമയും സ്റ്റബ്‌സും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.

ഇരുവരും 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാവൂമയെ (41) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ സ്റ്റബ്‌സും മടങ്ങി. ഇത്തവണ കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. തുടര്‍ന്നെത്തിയ വിയാന്‍ മള്‍ഡര്‍ക്ക് ക്യാച്ച് തിളങ്ങാനായില്ല. 13 റണ്‍സെടുത്ത മള്‍ഡറെ കുല്‍ദീപ് യശസ്വി ജയ്‌സ്വാളിന്‍റെ കൈകളിലെത്തിച്ചു. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ടോണി ഡി സോര്‍സിയുടെ (28) വിക്കറ്റ് നഷ്ടമായതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് സോര്‍സി മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക