ഗില്ലിന്‍റെ പരിക്ക് സാരമുള്ളതാണെങ്കില്‍ നാളെ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഓപ്പണിംഗില്‍ സഞ്ജു സാംസണെ പരിഗണിക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഓപ്പണറായി ഇറങ്ങിയ ഗില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ അഭിമാന പോരാട്ടത്തിന് നാളെ ഇറങ്ങാനിരിക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. പന്തുകൊണ്ട് പരിക്കേറ്റ ഗില്ലിന് ടീം ഫിസിയോ എത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും പിന്നീടും ഗില്‍ അസ്വസ്ഥനായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഗില്ലിന് അടുത്തെത്തി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ദീര്‍ഘനേരം സംസാരിക്കുന്നതും കാണാമായിരുന്നു.

സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയും ഗില്ലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശഷം ഗില്‍ ഫിസിയോയുടെ മേല്‍നോട്ടത്തില്‍ ഗില്‍ ബാറ്റിംഗ് പരിശീലനം തുടര്‍ന്നു. ഗില്ലിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക സൂചന. ഗില്ലിന്‍റെ പരിക്ക് സാരമുള്ളതാണെങ്കില്‍ നാളെ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഓപ്പണിംഗില്‍ സഞ്ജു സാംസണെ പരിഗണിക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഓപ്പണറായി ഇറങ്ങിയ ഗില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഒരു വര്‍ഷമായി ടി20 ടീമിലില്ലാതിരുന്ന ഗില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷമാണ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടി20 ടീമില്‍ തിരിച്ചെത്തിയത്.

ഗില്‍ ഓപ്പണറായതോടെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണെ അഞ്ചാം നമ്പറില്‍ മധ്യനിരയിലായിരുന്നു ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. യുഎഇ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 4.3 ഓവറില്‍ അഭിഷേക് ശര്‍മയുട വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തതിനാല്‍ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. വെടിക്കെട്ട് തുടക്കത്തിനുശേഷം അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക