കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്തക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഇത്തവണ നായകനാക്കണമെന്ന് താരലേലത്തിന് മുമ്പെ ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ സീസണിലും ദിനേശ് കാര്‍ത്തിക്ക് തന്നെ കൊല്‍ക്കത്തയെ നയിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ ഇതേ ചോദ്യം കിംഗ് ഖാനോടും ചോദിച്ചു.

എന്നാണ് ശുഭ്‌മാന്‍ ഗില്ലിനെ നായകനാക്കുക എന്ന്. ഇതിന് കിംഗ് ഖാന്‍ നല്‍കിയ മറുപടിയാകട്ടെ, രസകരമായിരുന്നു. താങ്കളെ കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനാക്കുമ്പോള്‍ ഗില്ലിനെ കൊല്‍ക്കത്തയുടെ നായകനാക്കാം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ നായകനാണ് ഗില്‍.