Asianet News MalayalamAsianet News Malayalam

അഫ്രീദി 37 പന്തില്‍ സെഞ്ചുറി നേടിയത് സച്ചിന്റെ ബാറ്റുപയോഗിച്ചെന്ന് വെളിപ്പെടുത്തി മുന്‍ പാക് താരം

ശ്രീലങ്കക്കായി സനത് ജയസൂര്യയും കലുവിതരണയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുക്കെട്ടിലൂടെ തരംഗമായ സമയമായിരുന്നു അത്. ആദ്യ മത്സരത്തില്‍ അഫ്രീദിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനായി തയാറായി ഇരിക്കാന്‍ എന്നോടും അഫ്രീദിയോടും ക്യാപ്റ്റനായിരുന്ന വസീം അക്രം പറഞ്ഞു.

Shahid Afridi used Sachin Tendulkars bat to score the fastest century says former pak player
Author
Karachi, First Published Aug 3, 2020, 6:50 PM IST

കറാച്ചി: ബൗളറായാണ് ഷാഹിദ് അഫ്രീദി പാക് ക്രിക്കറ്റ് ടീമിലെത്തിയത്. 1996ലെ സഹാറ കപ്പിനിടെ ലെഗ് സ്പിന്നര്‍ മുഷ്താഖ് അഹമ്മദിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി അഫ്രീദി പാക് ടീമിലെത്തുകയായിരുന്നു. പാക് ടീമിലേക്കുള്ള വിളി വരുമ്പോള്‍ പാക് എ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലായിരുന്നു അഫ്രീദി. പാക് ടീമിലെത്തിയ അഫ്രീദിക്ക് ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ആറമാനമായിട്ടായിരുന്നു അഫ്രീദി ഇറങ്ങേണ്ടിയിരുന്നത്.

എന്നാല്‍ ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ബാറ്റിംഗിനിറങ്ങിയ അഫ്രീദി 37 പന്തില്‍ സെഞ്ചുറിയുമായി ലോക ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചു, 18 വര്‍ഷക്കാലം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു അത്. എന്നാല്‍ അഫ്രീദി അതിവേഗ സെഞ്ചുറി നേടിയ ആ ബാറ്റ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മാനമാണെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പാക് താരം അസ്ഹര്‍ മെഹമൂദ്. ദ് ഗ്രേറ്റ് ക്രിക്കറ്റ് റൈവല്‍റി പോഡ്കാസ്റ്റിലാണ് അസ്ഹര്‍ മെഹമൂദിന്റെ തുറന്നുപറച്ചില്‍.

ശ്രീലങ്കക്കായി സനത് ജയസൂര്യയും കലുവിതരണയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുക്കെട്ടിലൂടെ തരംഗമായ സമയമായിരുന്നു അത്. ആദ്യ മത്സരത്തില്‍ അഫ്രീദിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനായി തയാറായി ഇരിക്കാന്‍ എന്നോടും അഫ്രീദിയോടും ക്യാപ്റ്റനായിരുന്ന വസീം അക്രം പറഞ്ഞു. അതിനനുസരിച്ച് ഞങ്ങള്‍ നെറ്റ്സില്‍ കഠിന പരിശീലനം നടത്തി. നെറ്റ്സില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുകയായിരുന്നു അഫ്രീദി. സ്പിന്നര്‍മാരായിരുന്നു അഫ്രീദിയുടെ കടന്നാക്രമണത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്.

Shahid Afridi used Sachin Tendulkars bat to score the fastest century says former pak player
അതിനുശേഷം മത്സരദിവസം അഫ്രീദിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ആ മത്സരത്തില്‍ അഫ്രീദി ഉപയോഗിച്ച ബാറ്റ് സഹതാരമായിരുന്ന വഖാര്‍ യൂനിസ് ആണ് അദ്ദേഹത്തിന് നല്‍കിയത്. വഖാറിന് ആ ബാറ്റ് സമ്മാനിച്ചതാകട്ടെ, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സച്ചിന്റെ ബാറ്റെടുത്ത് 37 പന്തില്‍ സെഞ്ചുറി അടിച്ചശേഷമാണ് അഫ്രീദിയെ ഒരു ബാറ്റ്സ്മനായും ക്രിക്കറ്റ് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍ മാത്രമായിരുന്നു അഫ്രീദി. അതിനുശേഷം കരിയറില്‍ അഫ്രീദിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും അസ്ഹര്‍ മെഹമൂദ് പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പാണ് അഫ്രീദിയുടെ ഏറ്റവും മികച്ച ലോകകപ്പെന്നും അസ്ഹര്‍ മെഹമൂദ് വ്യക്തമാക്കി. ആ ലോകകപ്പില്‍ അഫ്രീദി മനോഹരമായി പന്തെറിഞ്ഞു. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. എന്നാല്‍ സെമിയില്‍ ഇന്ത്യയോട് തോറ്റത് നിര്‍ഭാഗ്യകരമായെന്നും അസഹ്ര്‍ മെഹമൂദ് പറഞ്ഞു. ശ്രീലങ്കക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അഫ്രീദിയുടെ റെക്കോര്‍ഡ് 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടി ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്സണാണ് മറികടന്നത്. തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ചുറി നേടി ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല.

Follow Us:
Download App:
  • android
  • ios