Shane Warne : ഷെയ്ൻ വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് വിദഗ്‌ധർ പരിശോധന നടത്തി
മെല്‍ബണ്‍: തായ്‌ലൻഡിൽ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ (Shane Warne) മൃതദേഹം ഓസ്ട്രേലിയയിൽ എത്തിക്കും. സർക്കാർ പ്രതിനിധികൾ ഉടൻ തായ്‌ലൻഡിൽ എത്തുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി (Marise Payne) അറിയിച്ചു. പൂർണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടത്തുമെന്ന് വിക്ടോറിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെയ്‌ന്‍ വോണിന്‍റെ സംസ്‌കാരം മെല്‍ബണിലായിരിക്കുമെന്ന് അദേഹത്തിന്‍റെ മാനേജര്‍ വ്യക്തമാക്കി.
ഷെയ്ൻ വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് വിദഗ്‌ധർ പരിശോധന നടത്തി. തായ്‌ലൻഡിലെ ഷെയ്ൻ വോണിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. 52കാരനായ ഷെയ്ൻ വോൺ തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് ഹൃദയാഘാതം വന്ന് ഇന്നലെ മരിച്ചത്. വോണിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ ക്രിക്കറ്റ് ലോകത്തുള്ളവര്‍. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിന് ഇനി മുതല്‍ ഷെയ്ൻ വോൺ സ്റ്റാൻഡ് എന്നായിരിക്കും പേര്.
ഇതിഹാസങ്ങളിലെ ഇതിഹാസം
എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നറായിരുന്നു ഷെയ്‌ന്‍ വോണ്‍. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണ്‍ പേരിലെഴുതി. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഇന്ത്യയിലും ആരാധകക്കൂട്ടം
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
അന്തരിച്ച സ്‌പിന്‍ മാന്ത്രികന്‍ ഷെയ്ൻ വോണിന് ആദരാഞ്ജലി അർപ്പിച്ചു ഇന്ത്യ, ശ്രീലങ്ക ടീമുകള്‍. മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം കളി തുടങ്ങും മുൻപാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും ഇതിഹാസ താരത്തിന് ആദരം അർപ്പിച്ചത്. ഷെയ്ൻ വോണിന്‍റെ വിയോഗം അപ്രതീക്ഷിതവും നികത്താൻ കഴിയാത്തതുമാണെന്ന് ഇന്ത്യന്‍ മുന്‍നായകന്‍ വിരാട് കോലി പറഞ്ഞു. കളത്തിനകത്തും പുറത്തും വോൺ പ്രചോദനം ആയിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പ്രസിഡന്‍റ്‌സ് ഇലവൻ മത്സരത്തിനിടെയും താരങ്ങള്‍ വോണിന് ആദരാഞ്ജലി അര്‍പ്പിച്ചു.
