ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ സാധ്യത കല്‍പിക്കുന്നത് മറ്റൊരു താരത്തിനാണ്. എന്നാല്‍ ഈ ബാറ്റ്സ്‌മാന്‍ ഇപ്പോള്‍ ടീമില്‍ പോലുമില്ല. 

സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ താരമാകാന്‍ കൂടുതല്‍ സാധ്യത എന്നാണ് നിരീക്ഷണം. ഏകദിനത്തില്‍ കോലി പുറത്തെടുക്കുന്ന അസാധ്യ മികവ് തന്നെ ഈ നിഗമനത്തിന് കാരണം. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ സാധ്യത കല്‍പിക്കുന്നത് മറ്റൊരു താരത്തിനാണ്. ഈ ഓസീസ് ബാറ്റ്സ്‌മാന്‍ ഇപ്പോള്‍ ടീമില്‍ പോലുമില്ല എന്ന് മാത്രമല്ല, ലോകകപ്പ് കളിക്കുമോ എന്ന് വ്യക്തവുമല്ല.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന മുന്‍ ഓസീസ് ഉപ നായകന്‍ ഡേവിഡ് വാര്‍ണറായിരിക്കും ലോകകപ്പിലെ താരമെന്ന് വോണ്‍ പറയുന്നു. വിലക്കിന് ശേഷം സ്‌മിത്തും വാര്‍ണറും മുന്‍പത്തേക്കാള്‍ ശക്തരായി തിരിച്ചെത്തും. അവര്‍ എതിരാളികളെ അടിച്ചുതകര്‍ക്കും. ലോകകപ്പിലെ മികച്ച താരം ഡേവിഡ് വാര്‍ണറായിരുക്കുമെന്നും വോണ്‍ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഓസ്‌ട്രേലിയ ഉയര്‍ത്തുമ്പോള്‍ ഇരുവരുടെയും പ്രകടനം നിര്‍ണായകമായിരുന്നു. 

ഇരുവരുടെയും വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കാനിരിക്കേയാണ് ഇതിഹാസ താരത്തിന്‍റെ പ്രതികരണം. എന്നാല്‍ സ്‌മിത്തിന്‍റെയും വാര്‍ണറുടെയും ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നു. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഐ പി എല്‍ കളിച്ച് ടീമിലേക്ക് ഇരുവരും മടങ്ങിയെത്തട്ടേ എന്നാണ് ഓസീസ് സെലക്‌ടര്‍മാരുടെ നിലപാട്.