Shane Warne vs Sachin Tendulkar : സച്ചിന്‍-വോണ്‍ പോരാട്ടമായിരുന്നു ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ താരവൈരം
സിഡ്‌നി: സച്ചിന്‍-വോണ്‍! (Sachin vs Warne) കസേരയുടെ തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ച് കണ്ട എക്കാലത്തെയും വലിയ ക്രിക്കറ്റ് താരവൈരത്തിന്‍റെ പേരാണത്. മൈതാനത്ത് മുഖ്യ ശത്രുക്കളായും ക്രീസിന് പുറത്ത് ആത്മ സുഹൃത്തുക്കളായും രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ നിന്ന അത്ഭുതകാലം. മൈതാനത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇരുവരും പടിയിറങ്ങിയെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar) എന്ന എക്കാലത്തെയും മികച്ച ബാറ്ററെ ഓര്‍മ്മകളുടെ ക്രീസില്‍ തനിച്ചാക്കി ഷെയ്‌ന്‍ വോണ്‍ (Shane Warne) എന്ന സ്‌പിന്‍ മാന്ത്രികന്‍ മറയുകയാണ്.
ഇന്ത്യ-ഓസീസ് അല്ല, സച്ചിന്‍- വോണ്‍
സച്ചിന്‍-വോണ്‍ പോരാട്ടമായിരുന്നു ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ താരവൈരം. ഇരുവരും നേര്‍ക്കുനേര്‍ വന്നാല്‍ ക്രിക്കറ്റ് എന്ന ത്രില്ലര്‍ ഗെയ്‌മിന് വീര്യം ഉച്ചസ്ഥായിയിലെത്തും. ഇന്ത്യ-ഓസീസ് പോരാട്ടം ഇരുവരുടേയും പേരില്‍ അറിയപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ട് മുതല്‍ ഈ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിന്‍റെ ഏതാണ്ട് അവസാനം വരെ ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാല്‍ സച്ചിന് മുന്നിലെത്തിയപ്പോള്‍ വോണ്‍ എന്ന മാന്ത്രികന്‍റെ തന്ത്രങ്ങളെല്ലാം കറങ്ങിവീണു.
ക്രിക്കറ്റിന്‍റെ പരമോന്നതമായ രാജ്യാന്തര വേദിയില്‍ 29 തവണയാണ് സച്ചിനും വോണും നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ വോണിന് മേല്‍ സച്ചിന്‍ തന്‍റെ മേല്‍ക്കൈ കാണിച്ചു. നാലേ നാല് തവണ മാത്രമേ ഓസീസ് സ്‌പിന്‍ ജീനിയസിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവുപറഞ്ഞത്. മറ്റ് അവസരങ്ങളിലെല്ലാം സച്ചിന്‍റെ ബാറ്റിംഗ് ചൂടറിഞ്ഞ് മടങ്ങാനായിരുന്നു വോണിന് നിയോഗം. ഐപിഎല്ലില്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായും സച്ചിന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായും നേര്‍ക്കുനേര്‍ വന്നതും ക്രിക്കറ്റ് കാണികള്‍ ആവേശത്തോടെ കണ്ടു.
വോണിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തന്‍റെ പന്ത് നിലത്തുകുത്താന്‍ സച്ചിന്‍ സമയം അനുവദിച്ചില്ല. സ്‌പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ കരുത്തുള്ള തന്‍റെ ക്രിക്കറ്റ് ബുദ്ധി കൊണ്ട് സച്ചിന്‍ വോണിനും ചുട്ട മറുപടി നല്‍കുകയായിരുന്നു.
സച്ചിന്‍-വോണ്‍; കണക്കുകള്‍ മാന്ത്രികം
ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഷെയ്‌ന്‍ വോണിന്‍റെ വേര്‍പാട്. തായ്‌ലന്‍ഡില്‍ വച്ചാണ് വോണിന്‍റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. വോണിന്‍റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണ്‍ കൊയ്‌തു. അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ സച്ചിന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 664 മത്സരങ്ങളില്‍ 100 സെഞ്ചുറികളടക്കം 34,357 റണ്‍സ് അടിച്ചുകൂട്ടി.
ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് വോണ്‍ നയിച്ചു. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
