സിഡ്‌നി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി വിരമിക്കാറായെന്ന മുറവിളി ഒരു വിഭാഗം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ലോകകപ്പ് സെമിയില്‍ കിവീസിനോട് തോറ്റതിന് ശേഷം ധോണി മത്സരങ്ങള്‍ കളിക്കാത്തതാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ധോണി വിരമിക്കാറായെന്ന വാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഹതാരമായ ഷെയ‌്‌ന്‍ വാട്‌സണ്‍.

എന്നാല്‍ ധോണി വിരമിക്കാറായെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഷെയ്‌ന്‍ വാട്‌സണ്‍ നല്‍കുന്നത്. ധോണിക്ക് ഇപ്പോഴും മികവുണ്ട്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ ധോണിക്കാവുന്നു. വിക്കറ്റിന് പിന്നിലും മികവ് കൊള്ളാം. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിയുടേത് മാത്രമായിരിക്കണമെന്നും ഷെയ്‌ന്‍ വാട്‌സണ്‍ പറഞ്ഞു. 

ലോകകപ്പിന് ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോണി വിന്‍ഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലും കളിച്ചില്ല. ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ് തള്ളിയിരുന്നു. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിയില്‍ നിക്ഷിപ്തമാണെന്നും ധോണിയുടെ ഭാവിയെക്കുറിച്ച് നമുക്കെങ്ങനെ പറയാനാകുമെന്നും കഴിഞ്ഞ വാരം ഇതിഹാസ താരം കപില്‍ ദേവും അഭിപ്രായപ്പെട്ടിരുന്നു. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ധോണി കളിക്കുമെന്ന് കരുതുന്ന ആരാധകരുമുണ്ട്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് ധോണി. ഏകദിനത്തില്‍ 350 മത്സരങ്ങള്‍ കളിച്ച ധോണി 10773 റണ്‍സ് അടിച്ചുകൂട്ടി. ടി20യിലാവട്ടെ 98 മത്സരങ്ങളില്‍ 1617 റണ്‍സും നേടി. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ചിരുന്നു എം എസ് ധോണി.