ആന്റിഗ്വ: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ സിക്സറടിച്ച് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലാണ് വിന്‍ഡീസിന് വിജയം സമ്മാനിച്ചത്. 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് അവസാന പന്തില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

മാര്‍ക് അഡെയര്‍ എറിഞ്ഞ പന്ത് സ്വീപ്പര്‍ കവറിലൂടെ സിക്സറിന് പറത്തി കോട്രല്‍ വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 2-0ന് മുന്നിലെത്തുകയും ചെയ്തു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവസാന പന്തില്‍ ടീമിന് ജയം സമ്മാനിക്കുന്ന ആദ്യ പതിനൊന്നാം നമ്പര്‍ ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡും കോട്രല്‍ സ്വന്തമാക്കി.

അവസാന ഓവറില്‍ ജയത്തിലേക്ക് അഞ്ച് റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. രണ്ട് റണ്ണൗട്ട് അവസരങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് കോട്രല്‍ ടീമിന് ജയം സമ്മാനിച്ചത്.