ജമൈക്ക: ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്ത് സൈനിക സേവനം ചെയ്യുന്ന എം എസ് ധോണിയെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ഷെല്‍ഡന്‍ കോട്ട്‌റെല്‍. ധോണി തികഞ്ഞ രാജ്യ‌സ്‌നേഹിയാണെന്നും പ്രചോദനമാണെന്നും കോട്ട്‌‌റെല്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് മൈതാനത്ത് സല്യൂട്ടുമായി തിളങ്ങുന്ന കോട്ട്‌റെലും സൈനികനാണ്.  

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണലാണ് എം എസ് ധോണി. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാകും താമസിക്കുക. 

ധോണിയുടെ സുരക്ഷയ്‌ക്കല്ല പ്രാധാന്യമെന്നും മറ്റ് സൈനികരെ പോലെ രാജ്യത്തെ സംരക്ഷിക്കുന്ന ചുമതലയാകും അദേഹം നിര്‍വഹിക്കുകയെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് അടിസ്ഥാനപരിശീലനം നേരത്തെ ധോണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.