ദില്ലി: ക്രീസില്‍ അക്രമണോത്സുകതയാണ് ശിഖര്‍ ധവാന്റെ മുഖമുദ്ര. ക്രീസിന് പുറത്ത് നിലപാടുകള്‍ വ്യക്തമാക്കുന്നതിലും ധവാന്‍ ഒരിക്കലും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി കശ്മീരിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ അതിന് മറുപടി നല്‍കാന്‍ ധവാന്‍ എത്തിയിരുന്നു. ആദ്യം നിങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കു, എന്നിട്ടാകാം ഞങ്ങളുടെ നേരെ വിരല്‍ ചൂണ്ടുന്നത് എന്ന് ധവാന്‍ അന്ന് തുറന്നടിച്ചിരുന്നു.

കഴിഞ്ഞദിവസം ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയിലും ധവാന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. നമ്മുടെ രാജ്യത്തിനെതിരെ ആര് എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കേണ്ടതുണ്ട്. നമുക്ക് പുറത്തുനിന്നുള്ളവരുടെ ഉപദേശം വേണ്ട. ആദ്യം അവര്‍ അവരുടെ രാജ്യത്തെ പ്രശ്നങ്ങളൊക്കെ പരിഹരിക്കട്ടെ. എന്നിട്ടാകാം ഇന്ത്യയിലേത്-ധവാന്‍ പറഞ്ഞു.

പാക് താരങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയാണ് തന്റെ പുതിയ ഹോബിയെന്നും ധവാന്‍ തമാശയായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഫ്രീദിയുടെ ട്വീറ്റിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ ട്വിറ്ററില്‍ വാക് പോര് നടത്തുകയും ചെയ്തു.