തഗെനരൈന്‍ 291 പന്തില്‍  10 ഫോറും ഒരു സിക്‌സും സഹിതമാണ് പുറത്താവാതെ 101 റണ്‍സെടുത്തത്

ബുലാവായോ: ശിവ്നരൈൻ ചന്ദർപോളിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടി മകൻ തഗെനരൈൻ ചന്ദർപോൾ. ഇതോടെ ടെസ്റ്റിൽ അച്ഛനും മകനും സെഞ്ചുറി നേടിയവരുടെ അപൂ‍ർവ പട്ടികയിൽ ഇടംപിടിക്കാനും തഗെനരൈന് കഴിഞ്ഞു. സിംബാബ്‍വേയ്ക്കെതിരായ ഒന്നാം ടെസ്റ്റിലാണ് തഗെനരൈന്‍റെ നേട്ടം. പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് തഗെനരൈൻ ആദ്യ സെഞ്ചുറി നേടിയത്. തഗെനരൈന്‍റെ ഓപ്പണിംഗ് പങ്കാളിയും നായകനുമായ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റും സെഞ്ചുറി നേടി. രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ ഇരുവരും പുറത്താവാതെ 221 റൺസെടുത്തിട്ടുണ്ട്. 

തഗെനരൈന്‍ 291 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതമാണ് പുറത്താവാതെ 101 റണ്‍സെടുത്തത്. ബ്രാത്ത്‌വെയ്റ്റ് 246 പന്തില്‍ ഏഴ് ഫോര്‍ സഹിതമാണ് 116ല്‍ നില്‍ക്കുന്നത്. മഴ കാരണം രണ്ട് ദിവസങ്ങളായി 89 ഓവറുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. സിംബാബ‌്‌വെക്കായി അഞ്ച് പേര്‍ പന്തെറിഞ്ഞിട്ടും ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനായില്ല. രണ്ട് ടെസ്റ്റുകളാണ് സിംബാബ്‌വെ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലുള്ളത്. ഫെബ്രുവരി 12 മുതലാണ് രണ്ടാം മത്സരം.

ലാലാ അമർനാഥും മൊഹീന്ദ‍ർ അമർനാഥും വിജയ് മ‌ഞ്ചരേക്കറും സഞ്ജയ് മഞ്ചരേക്കറും ഇഫ്ത്തികർ അലിഖാൻ പട്ടോഡിയും മൻസൂർ അലി ഖാൻ പട്ടോഡിയും ടെസ്റ്റിൽ സെഞ്ചുറി നേടിയ അച്ഛനും മകനുമാണ്. ഇതിൽ ഇഫ്ത്തിഖർ ഇംഗ്ലണ്ടിന് വേണ്ടിയാണ് സെഞ്ചുറി നേടിയത്. വിൻഡീസിന്‍റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ശിവ്‍നരൈൻ 164 ടെസ്റ്റിൽ 30 സെഞ്ചുറികളോടെ 11,867 റൺസെടുത്തിട്ടുണ്ട്. രണ്ട് ഇരട്ട ശതകങ്ങളും പേരിലുണ്ട്. ബാറ്റിംഗ് ശരാശരി 51.37. 268 ഏകദിനത്തില്‍ 8778 പതിനൊന്ന് സെഞ്ചുറികളും 41.41 ശരാശരിയും സഹിതം റണ്‍സും ചന്ദര്‍പോളിനുണ്ട്. 

ഏകദിന ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ല; വീണ്ടും പാകിസ്ഥാന്‍റെ ഭീഷണി