ലാഹോര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ കീഴടക്കി പരമ്പര നേടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ പാടുപെടുമെന്നും അക്തര്‍ പിടിഐയോട് പറഞ്ഞു.

ഓസ്ട്രേലിയയില്‍ വീണ്ടുമൊരു പരമ്പര നേടാന്‍ ഇന്ത്യക്കാവുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ അവരുടെ മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ അവര്‍ ബുദ്ധിമുട്ടും. എല്ലാവരെയും പോലെ ഞാനും വളരെ ആകാംക്ഷയോടെയാണ് പരമ്പരക്കായി കാത്തിരിക്കുന്നത്-അക്തര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ആണ് ഏറ്റവും നിര്‍ണായകം. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ മികവു കാട്ടിയാല്‍ നമുക്ക് ഒന്നും പറയാനാവില്ല. ആദ്യ ടെസ്റ്റിന്‍റെ ആദ്യ രണ്ട് ഇന്നിംഗ്സുകളായിരിക്കും പരമ്പര എങ്ങോട്ട് പോകുമെന്ന് തീരുമാനിക്കുക. ഓസീസ് പിച്ചുകളിലെ വേഗവും ബൗണ്‍സുമായി ഇന്ത്യന്‍ ബാറ്റിംഗ് എത്രവേഗം പൊരുത്തപ്പെടുന്നു എന്നതും നിര്‍ണായകമാണ്.

വിദേശ പരമ്പരകളില്‍ രണ്ടോ മൂന്നോ ഇന്നിംഗ്സുകള്‍ കഴിയുമ്പോഴെ ഇത് സാധാരണയായി സാധ്യമാകാറുള്ളു. ഉപഭൂഖണ്ഡത്തിലെ പിച്ചുകളിലേതുപോലെ അനായാസം ഡ്രൈവ് കളിക്കാന്‍ ഓസ്ട്രേലിയയില്‍ കഴിയില്ലെന്നും അക്തര്‍ പറഞ്ഞു. അടുത്ത മാസം 17ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.