കറാച്ചി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ നിലച്ചിട്ട് ഒരു പതിറ്റാണ്ടിന് മേലെയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമായി ഒതുങ്ങാറാണ് പതിവ്. കാണികളില്‍ ആവേശം നിറക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കണമെന്ന് മുമ്പ് നിരവധി തവണ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അന്നൊന്നും സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരമായ ഷൊയൈബ് അക്തര്‍. 

കൊവിഡ് 19 രോഗബാധിതരെ സഹായിക്കിനായി ഫണ്ട് ശേഖരണാര്‍ത്ഥം ഇരു രാജ്യങ്ങളും മൂന്ന് മത്സര പരമ്പരയില്‍ ഏറ്റുമുട്ടണമെന്നും ഇതില്‍ നിന്നുള്ള വരുമാനം കൊവിഡ് രോഗബാധിതരെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് അക്തര്‍ ആവശ്യപ്പെടുന്നത്. മത്സരഫലത്തെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആശങ്കയില്ലാതെ കളി കാണാന്‍ കഴിയുന്ന അപൂര്‍വ അവസരമായിരിക്കും അതെന്നും അക്തര്‍ പറയുന്നു. 

കാരണം ഇവിടെ, ആരും തോല്‍ക്കുന്നില്ല, കളിക്കളത്തില്‍ എന്ത് തന്നെ സംഭവിച്ചാലും ഇരു ടീമും വിജയികളായാണ് തിരിച്ചു കയറുക. മത്സരത്തില്‍ വിരാട് കോലി സെഞ്ചുറി അടിച്ചാലും ബാബര്‍ അസം സെഞ്ചുറി അടിച്ചാലും സന്തോഷമേയുള്ളു.മത്സരം ലക്ഷക്കണക്കിന് ആരാധകര്‍ കാണുമെന്നുറപ്പ്. ലോകം മുഴുവന്‍ ഈ പോരാട്ടം വീക്ഷിക്കും. ഇരു രാജ്യങ്ങളും ലോക്ക് ഡൌണിലൂടെ കടന്നുപോവുന്നതിനാല്‍ എല്ലാവരും വീട്ടിലിരിക്കുകയാണ്. അതുകൊണ്ടുതന്നെ കോടിക്കണക്കിനാളുകള്‍ മത്സരം കാണുമെന്നുറപ്പ്. 

ഇതുവഴി ഒരുപാട് പണം സമാഹരിക്കാനും കഴിയും. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദികളില്‍ മത്സരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാം. ലോക്ക് ഡൌണായതിനാല്‍ കളിക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ദുബായില്‍ എത്തിക്കാം. ഒരുപക്ഷെ ഈ പരമ്പര ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് തന്നെ തുടക്കം കുറിച്ചേക്കും. പ്രതിസന്ധിഘട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ബാക്കിയെല്ലാം അധികൃതരാണ് തീരുമാനിക്കേണ്ടതെന്നും അക്തര്‍ പറഞ്ഞു.