മത്സരത്തില്‍ ടോസ് നേടിയിട്ടും പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം ഷൊയ്ബ് അക്തര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് അക്തര്‍ വിമര്‍ശനം ഉന്നയിച്ചത്. മത്സരത്തില്‍ ടോസ് നേടിയിട്ടും പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.

തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''പാകിസ്ഥാന്് ഇന്നലെ പരമ്പര നേടാനുള്ള അവസരമുണ്ടായിരുന്നു. ഫ്‌ളാറ്റ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ ഉയര്‍ത്താമായിരുന്നു. എന്നാല്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് എന്തു കൊണ്ടെന്നത് എനിക്കറിയില്ല. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടിയ ടീമാണ് പാകിസ്ഥാനെന്ന് ഓര്‍ക്കണം.

എന്നിട്ടും ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. അതും ജോസ് ബട്‌ലര്‍ ടീമിലേക്ക് മടങ്ങി വരികയും ഓപ്പണ്‍ ചെയ്യുമെന്നും ഉറപ്പുള്ളപ്പോള്‍. ഇത്തരമൊരു ഫ്‌ളാറ്റ് പിച്ചില്‍ ഇംഗ്ലണ്ട് 200 റണ്‍സ് കടക്കുമെന്ന് ഉറപ്പായിരുന്നു. ഇതൊന്നും മനസിലാക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചില്ല. ഞാനാണ് പാക് ക്രിക്കറ്റ് ടീമിന്റെ ചെയര്‍മാനെങ്കില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള ടീം മാനേജ്‌മെന്റിനെ പിരിച്ചുവിടുമായിരുന്നു. അവരാണ് പരമ്പര നഷ്ടമാവാന്‍ കാരണക്കാര്‍.'' അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ട് 200 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍, പാകിസ്ഥാന് 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ 45 റണ്‍സ് ജയം നേടിയതിലൂടെ മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.