ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കേദാര്‍ ജാദവിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ തോളിന് പരിക്കേറ്റതാണ് കാരണം. ഏകദിന ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശങ്ക നല്‍കുന്ന വാര്‍ത്തയാണിത്. 

കേദാര്‍ പരിക്കിനെ കുറിച്ച് ടീം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെംമിംഗ് പ്രതികരിച്ചു. കേദാറിന്‍റെ ആരോഗ്യം അത്ര സുഖകരമല്ല. തിങ്കളാഴ്‌ച എക്‌സ്‌റേയ്‌ക്കും സ്‌കാനിംഗിനും വിധേയമാക്കും. ടൂര്‍ണമെന്‍റില്‍ ചെന്നൈയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാകും എന്ന് തോന്നുന്നില്ല. ലോകകപ്പാണ് കേദാറിന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും പരിക്കിന്‍റെ ആഴം നാളെ അറിയാമെന്നും അദേഹം പറഞ്ഞു. 

കിംഗ്‌സ് ഇലവന്‍ ഇന്നിംഗ്‌സിലെ 14-ാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കേദാറിന് പരിക്കേറ്റത്. തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് കൃത്യം ഒരു മാസം മുന്‍പ് കേദാറിന് പരിക്കേറ്റത് ടീമിന് ആശങ്കയാണ്. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.