Asianet News MalayalamAsianet News Malayalam

IND vs SL : വീണ്ടും ശ്രേയസ് അയ്യരുടെ സൂപ്പര്‍ പവര്‍; ശ്രീലങ്കയും തൂത്തുവാരി രോഹിത്തിന്റെ ഇന്ത്യ

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി.

Shreya Iyer helped India to win in third and final t20 against Sri Lanka
Author
Dharamshala, First Published Feb 27, 2022, 10:30 PM IST

ധര്‍മശാല: ഒരിക്കല്‍കൂടി ശ്രേയസ് അയ്യര്‍ (Shreyas Iyer) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസിന്റെ (45പന്തില്‍ പുറത്താവാതെ 73) ബാറ്റിംഗ്് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (38 പന്തില്‍ പുറത്താവാതെ 74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ആവേഷ് ഖാന്‍ (Avesh Khan) രണ്ട് വീഴ്ത്തി. 

സ്വപ്‌നത്തിലെന്ന പോലെ ശ്രേയസ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്റെ തന്റെ ഗംഭീര തുടരുകയാണ്. ഒമ്പത് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. സഹതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ വന്നപ്പോള്‍ ശ്രേയസ് പ്രതീക്ഷ കാത്തു. സഞ്ജുവിനൊപ്പം 45 റണ്‍സാണ് ശ്രേയസ് കൂട്ടിച്ചേര്‍ത്തത്. ദീപക് ഹൂഡയ്‌ക്കൊപ്പം 38 റണ്‍സും ശ്രേയസ് നേടി. വെങ്കടേഷ് അയ്യര്‍ (5) നിരാശപ്പെടുത്തിയെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (22) ശ്രേയസ് വിജയം പൂര്‍ത്തിയാക്കി. 

ഇന്ത്യയുടെ തുടക്കം മോശം

തുടക്കം മുതല്‍ ക്രീസില്‍ അസ്വസ്ഥനായിരുന്നു രോഹിത് (Rohit Sharma). കണക്റ്റ് ചെയ്യാന്‍ പോലും രോഹിത്ത് ബുദ്ധിമുട്ടി. ചമീരയുടെ പന്തുകള്‍ തന്നെയാണ് രോഹിത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. ടി20 ക്രിക്കറ്റില്‍ ആറാം തവണയാണ് രോഹിത് ചമീരയ്ക്ക് വിക്കറ്റ് നല്‍കുന്നത്. ചമീരയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് മിഡ് ഓഫില്‍ കരുണാരത്‌നെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. സഞ്ജു മൂന്ന് ഫോര്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാനായില്ല. കരുണാര്തനെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക്് ക്യാച്ച്. ഹൂഡ ലാഹിരു കുമാരയുടെ പന്തില്‍ ബൗള്‍ഡായി. വെങ്കടേഷും കുമാരയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ ജഡേജ വിജയം എളുപ്പമാക്കി. 

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ശ്രീലങ്ക നാലിന് 29 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഷനക ക്രീസിലെത്തുന്നത്. പിന്നീട് ചാമിക കരുണാരത്‌നെ (12) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ശ്രീലങ്കയ്ക്ക പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പത് ഫോറും റണ്ട് സിക്‌സും അടങ്ങുന്നതാണ് ഷനകയുടെ ഇന്നിംഗ്‌സ്. ഷനക ക്രീസിലെത്തും മുമ്പ് പുറത്തായ ദിനേശ് ചാണ്ഡിമലും (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചാണ്ഡിമലിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. 

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണറെ നഷ്ടമായി. ധനുഷ്‌ക ഗുണതിലകയാണ് (0) ആദ്യം മടങ്ങിയത്. സിറാജിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് താരം പുറത്തായത്. രണ്ടാം ഓവറില്‍ സഹഓപ്പണര്‍ പതും നിസങ്കയും (1) മടങ്ങി. ഇത്തവണ ആവേഷാണ് വിക്കറ്റ് വീഴ്ത്തിയത്. വെങ്കടേഷ് അയ്യര്‍ ക്യാച്ചെടുത്തു. നാലാം ഓവറില്‍ ചരിത് അസലങ്കയും (4) മടങ്ങി. ആവേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച്. ഇതോടെ മൂന്നിന് 11 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രം നില്‍ക്കെ ജനിത് ലിയനകെയും വീണു. ബിഷ്‌ണോയ് ബൗള്‍ഡാക്കുകയായിരുന്നു താരത്തെ. 

ശ്രീലങ്കയ്ക്ക് ടോസ്

ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടുണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടി20യ്ക്കിടെ പരിക്കേറ്റ ഇഷാന്‍ ഇന്ന് കളിക്കുന്നില്ല.  രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. കിഷന് പുറമെ ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. നേരത്തെ രോഹിത്തിന് കീഴില്‍ ന്യൂസിലന്‍ഡിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇന്ത്യ സമ്പൂര്‍ണ ജയം നേടിയിരുന്നു.

ടീമുകള്‍

ടീം ഇന്ത്യ : രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, വീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

ശ്രീലങ്ക: പതും നിസങ്ക, ധനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, ദിനേശ് ചാന്ദിമല്‍, ജനിത് ലിയനങ്ക, ദസുന്‍ ഷനക, ചാമിക കരുണാരത്‌ന, ദുശ്മന്ത ചമീര, ജെഫ്രി വാന്‍ഡര്‍സെ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര.

Follow Us:
Download App:
  • android
  • ios