പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ഏകദിന പരമ്പരക്ക് പുറമെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും ശ്രേയസിന് നഷ്ടമാവും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകന്‍ കൂടിയാണ് ശ്രേയസ്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ് അയ്യരുടെ ഇടത് തോളിന് പരിക്കേറ്റത്. മത്സരത്തിന്‍റെ എട്ടാം ഓവറില്‍ ബൗണ്ടറി തടയാനായി ഡൈവ് ചെയ്ത ശ്രേയസിന്‍റെ തോള്‍ സ്ഥാനം തെറ്റുകയായിരുന്നു. ഉടന്‍ ഗ്രൗണ്ട് വിട്ട ശ്രേയസിനെ സ്കാനിംഗിന് വിധേയമാക്കിയിരുന്നു.

സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഡോക്ടര്‍മാര്‍ പരിക്ക് ഭേദമാവാന്‍ ആഴ്ചകളോളം എടുക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ശ്രേയസിന്‍റെ നഷ്ടം ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാവില്ലെങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

ഡല്‍ഹിയുടെ നായകനെന്നതിലുപരി അവരുടെ പ്രധാന ബാറ്റ്സ്മാനുമാണ് ശ്രേയസ്. ശ്രേയസിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ റിഷഭ് പന്താവും ഡല്‍ഡിയെ ആദ്യ മത്സരങ്ങളില്‍ നയിക്കുക എന്നാണ് സൂചന.

ശ്രേയസിന്‍റെ അഭാവത്തില്‍ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവിനോ ശുഭ്മാന്‍ ഗില്ലിനോ അവസരം ഒരുങ്ങമമെന്നാണ് സൂചന.