ദില്ലി: ഇന്ത്യന്‍ ടീമിലെ പുതിയ ബാറ്റിംഗ് താരോദയമാണ് ശ്രേയസ് അയ്യര്‍. ലോകകപ്പിന് മുമ്പും ശേഷവും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഇന്ത്യയുടെ നാലാം നമ്പറില്‍ അയ്യര്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ആക്രമണോത്സുകതയും സാങ്കേതികത്തികവുമുള്ള അയ്യര്‍ ഭാവിയിലെ ഇന്ത്യയുടെ ബാറ്റിംഗ് സൂപ്പര്‍ താരമാവുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ സിക്സറടിച്ചതിന്റെ പേരില്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലായ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ചീത്ത കേള്‍ക്കേണ്ടിവന്ന കഥ ഓര്‍ത്തെടുക്കുകയാണ് ശ്രേയസ് അയ്യര്‍ ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍.

ഒരു ചതുര്‍ദിന മത്സരമായിരുന്നു അത്. ദ്രാവിഡ് സര്‍, എന്റെ കളി ആദ്യമായാണ് കാണുന്നത്. ആദ്യദിവസത്തെ കളയുടെ അവസാന ഓവറായിരുന്നു അപ്പോള്‍. ഞാന്‍ 30 റണ്‍സെന്തോ എടുത്ത് ബാറ്റ് ചെയ്യുകയായിരുന്നു. എല്ലാവരും കരുതിയത് ആ ഓവര്‍ ഞാന്‍ പ്രതിരോധിച്ചു നിന്ന് അന്നത്തെ കളി അവസാനിപ്പിക്കുമെന്നാണ്. എന്നാല്‍ ഫ്ലൈറ്റ് ചെയ്തുവന്ന ഒരു പന്തിനെ  ഞാന്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി ഉയര്‍ത്തി അടിച്ചു. ഏറെനേരം വായുവില്‍ നിന്ന പന്ത് ഒടുവില്‍ സിക്സറായി. 

ഡ്രസ്സിംഗ് റൂമിലുള്ളവരെല്ലാം ഗ്രൌണ്ടിലേക്ക് ഇറങ്ങിവന്ന് എന്നെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അവസാന ഓവറില്‍ ആരെങ്കിലും ഇങ്ങനെ കളിക്കുമോ എന്നായിരുന്നു അവരുടെ നോട്ടത്തിന്റെ അര്‍ത്ഥമെന്ന് എനിക്ക് മനസിലായി. അന്നായിരിക്കും ദ്രാവിഡ് സര്‍ എന്റെ കളി ആദ്യമായി വിലയിരുത്തിയിട്ടുണ്ടാകുക. 

ഒടുവില്‍ അദ്ദേഹം എന്റെ അടുത്തുവന്നു. എന്നിട്ട്, ഒരു ബോസിനെപ്പോലെ എന്നോട് ചോദിച്ചു. എന്താ ഇത്, ഒരു ദിവസത്തെ അവസാന ഓവറായിരുന്നില്ലെ ഇത്, അപ്പോള്‍, ഇങ്ങനെയാണോ ചെയ്യേണ്ടത്. പക്ഷെ പിന്നീടാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം തനിക്ക് ശരിക്കും മനസിലായതെന്നും അയ്യര്‍ പറഞ്ഞു.