ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. റണ്‍വേട്ടയില്‍ മുന്നിലെത്തിയിട്ടും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് പത്താന്‍റെ ടീമില്‍ ഇടമില്ല. 

ബറോഡ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയിട്ടും ഗുജറാത്ത് ടൈറ്റൻസിനെ രണ്ടാം ക്വാളിഫയറിലെത്തിയിട്ടും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് പത്താന്‍റെ ടീമില്‍ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ആര്‍സിബി ഓപ്പണര്‍ വിരാട് കോലിയെയും ഗുജറാത്ത് ഓപ്പണര്‍ റണ്‍വേട്ടയില്‍ ഒന്നാമനുമായ സായ് സുദര്‍ശനെയുമാണ് ഇര്‍ഫാൻ പത്താന്‍ ഓപ്പണര്‍മാരായി തന്‍റെ ടീമിലെടുത്തത്. മൂന്നാം നമ്പറില്‍ ഗുജറാത്തിന്‍റെ തന്നെ ജോസ് ബട്‌‌ലറെയാണ് പത്താന്‍ തെരഞ്ഞെടുത്തത്. 15 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സടിച്ച് റൺവേട്ടയില്‍ നാലാമനായ ഗില്ലിന് പകരം 14 മത്സരങ്ങളില്‍ 538 റണ്‍സടിച്ച് റണ്‍വേട്ടയില്‍ പത്താമത് ഫിനിഷ് ചെയ്ത ജോസ് ബട്‌ലറെ പത്താന്‍ ടീമിലെടുത്തത് ആരാധകരെ അമ്പരപ്പിച്ചു.

ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത ഇര്‍ഫാന്‍ പത്താൻ അഞ്ചാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി. ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഫിനിഷറായി മുംബൈ ഇന്ത്യൻസിന്‍റെ നമാൻ ധിറിനെയാണ് ഇര്‍ഫാൻ ടീമിലെടുത്ത്. സ്പിന്‍ ഓള്‍ റൗണ്ടറായ ആര്‍സിബിയുടെ ക്രുനാല്‍ പാണ്ഡ്യ ടീമിലെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നൂര്‍ അഹമ്മദും സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തി.

Scroll to load tweet…

മുംബൈ പേസര്‍ ജസ്പ്രീത് ബുമ്രയാണ് പത്താന്‍റെ ടീമിന്‍റെ പേസാക്രമണം നയിക്കുന്നത്. രണ്ടാം പേസറായി ജോഷ് ഹേസല്‍വുഡ് പ്ലേയിംഗ് ഇലവിനിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയുമാണ് പത്താന്‍റെ ടീമിലെ പന്ത്രണ്ടാമന്‍. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യയെയോ രജത് പാട്ടീദാറിനെയോ പരിഗണിക്കാതെ നമാന്‍ ധിറിനെ ഫിനിഷറായി പരിഗണിച്ചതിനെതിരെയും ഗില്ലിനെ പരിഗണിക്കാതിരുന്നതിനെതിരെയും ആരാകര്‍ മറുപടിയുമായി എത്തിയിട്ടുണ്ട്.

ഐപിഎല്ലിന് മുമ്പ് ചില താരങ്ങള്‍ക്കെതിരെ വ്യക്തിപരമായി വിമര്‍ശിക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇര്‍ഫാന്‍ പത്താനെ ഐപിഎല്‍ കമന്‍ററിയില്‍ നിന്ന് ബിസിസിഐ മാറ്റി നിര്‍ത്തിയത്. പിന്നാലെ സ്വന്തംയ യുട്യൂബ് ചാനലിലൂടെ പത്താന്‍ തന്‍റെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക