ഐപിഎല്‍ ഫൈനലില്‍ ഒമ്പതാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് പുറത്തായതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ ശ്രേയസ് പുറത്തായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സ് ആറ് റണ്‍സ് തോല്‍വി വഴങ്ങിതിന് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം യോഗ്‌രാജ് സിംഗ്. ഐപിഎല്‍ ഫൈനലില്‍ നിരുത്തരവാദപരമായ ഷോട്ടിലൂടെ പുറത്തായ ശ്രേയസ് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുകയോ മാപ്പു പറയുകയോ വേണമെന്നും യോഗ്‌രാജ് പറഞ്ഞു.

ഫൈനലില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ പന്തില്‍ ശ്രേയസ് കളിച്ച ഷോട്ടിനെ ക്രിമിനല്‍ കുറ്റമായെ കാണാനാവു. അശോക് മങ്കാദും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു, ഇത് സെക്ഷൻ 302-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണെന്ന്. ഇതിന് രണ്ട് മത്സരങ്ങളില്‍ നിന്നെങ്കിലും ശ്രേയസിനെ വിലക്കണം. ശ്രേയസ് ഫൈനലില്‍ ചെയ്തത് ഒരിക്കലും പൊറുക്കാനാവില്ല. അതിനുശേഷം മാപ്പു പറയാന്‍ പോലും ശ്രേയസ് തയാറായില്ലെന്നും മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗിന്‍റെ പിതാവും പരിശീലകനുമായ യോഗ്‌രാജ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ ഒമ്പതാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് പുറത്തായതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ 41 പന്തില്‍ 87 റണ്‍സടിച്ച ശ്രേയസില്‍ നിന്ന് പഞ്ചാബ് കിംഗ്സ് ഏറെ പ്രതീക്ഷിച്ചെങ്കിലും നേരിട്ട രണ്ടാം പന്തില്‍ ശ്രേയസ് പുറത്തായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ശ്രേയസിന് പിഴക്കുകയായിരുന്നു. ശ്രേസയിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ കൈയിലൊതുക്കി. രണ്ട് പന്തില്‍ ഒരു റണ്ണായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. നിര്‍ണായക സമയത്ത് ശ്രേയസിന്‍റെ വിക്കറ്റ് നഷ്ടമായത് പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ശ്രേയസിന് പിന്നാലെ ജോഷ് ഇംഗ്ലിസ് കൂടി പുറത്തായതോടെ സ്കോറിംഗിന് വേഗം കൂട്ടാനാവാതെ പഞ്ചാബ് പതറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക